കോട്ടയം: പാലാ നഗരസഭ ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടത്തിനെതിരായ അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ കോൺഗ്രസ് വിപ്പ് ലംഘിച്ച കൗൺസിലർമാർക്കെതിരെ നടപടി ഉണ്ടാകുമെന്ന് കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്. പാർട്ടി വിപ്പ് ലംഘിച്ചാൽ അവർ സ്വയം പാർട്ടിക്ക് പുറത്തുപോയതിനു തുല്യമാണെന്നും പാർട്ടിയെ ചതിച്ചവരെ കോൺഗ്രസിന് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. വിപ്പ് ലംഘിച്ചവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എൽഡിഎഫുമായി കോൺഗ്രസ് കൗൺസിലർമാർ അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയെന്നാണ് നാട്ടകം സുരേഷിന്റെ ആരോപണം. മുന്നണിക്കുള്ളിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണെങ്കിലും അവ പരിഹരിച്ച് മുന്നോട്ടുപോകാനുള്ള ശ്രമങ്ങളാണ് നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ ചെയർപേഴ്സൺ എന്ന വിശേഷണം നേടിയ ദിയ ബിനു പുളിക്കക്കണ്ടം അവിശ്വാസ പ്രമേയം പാസായതോടെ സ്ഥാനത്തുനിന്ന് പുറത്തായി. കോൺഗ്രസ് അംഗങ്ങളുടെ കൂടി പിന്തുണയോടെയാണ് എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം വിജയിച്ചത്. ചർച്ചയിൽ പങ്കെടുക്കരുതെന്ന പാർട്ടി വിപ്പ് ലംഘിച്ച് നാല് കോൺഗ്രസ് കൗൺസിലർമാർ അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു.
ജനാധിപത്യത്തിന്റെ വിധിയെ ബഹുമാനത്തോടെ അംഗീകരിക്കുന്നുവെന്നായിരുന്നു ദിയ ബിനു പുളിക്കക്കണ്ടത്തിന്റെ പ്രതികരണം.
26 അംഗങ്ങളുള്ള പാലാ നഗരസഭയിൽ പ്രതിപക്ഷത്തിന് 12 അംഗങ്ങളാണുള്ളത്. അവിശ്വാസ പ്രമേയം ചർച്ചയ്ക്കെടുത്തപ്പോൾ പ്രതിപക്ഷത്തിനൊപ്പം ഭരണപക്ഷത്തെ അഞ്ച് അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു. കോൺഗ്രസ് കൗൺസിലർമാരായ ബിജു മാത്യൂസ്, ടോണി തൈപ്പറമ്പിൽ, രജിത പ്രകാശ്, ലിസിക്കുട്ടി മാത്യൂസ് എന്നിവരും നിലവിലെ വൈസ് ചെയർപേഴ്സണും സ്വതന്ത്ര അംഗവുമായ രാഹുലുമാണ് യോഗത്തിൽ ഹാജരായത്.
പ്രതിപക്ഷ നേതാവ് ബിജു പാലൂപടവൻ അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തെ 17 പേർ അനുകൂലിച്ച് വോട്ട് ചെയ്തു. കോൺഗ്രസ് കൗൺസിലർമാർ ചർച്ചയിൽ പങ്കെടുക്കരുതെന്ന് ഡിസിസി പ്രസിഡന്റ് വിപ്പ് നൽകിയിരുന്നുവെന്നാണ് പാർട്ടി നേതൃത്വം വ്യക്തമാക്കുന്നത്. എന്നാൽ തങ്ങൾക്ക് അത്തരത്തിൽ വിപ്പ് ലഭിച്ചിട്ടില്ലെന്നാണ് വോട്ടെടുപ്പിൽ പങ്കെടുത്ത കോൺഗ്രസ് കൗൺസിലർമാരുടെ വിശദീകരണം.


















































