ആലപ്പുഴ: വി.എസ്. അച്യുതാനന്ദൻ ഉണ്ടായിരുന്നെങ്കിൽ പാർട്ടിയെ ഒറ്റുന്നവരെ വെറുതെ വിടില്ലായിരുന്നുവെന്ന് സിപിഎം നേതാവും എം.എൽ.എയുമായ സജി ചെറിയാൻ. പാർട്ടിയെ വഞ്ചിക്കാൻ ശ്രമിക്കുന്നവരുടെ മുഖത്തുനോക്കി ധിക്കാരത്തോടെ സംസാരിക്കുന്ന നേതാവായിരുന്നു വി.എസെന്നും അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നുവെന്നും സജി ചെറിയാൻ പറഞ്ഞു. അദ്ദേഹം പറഞ്ഞു. ആലപ്പുഴയിൽ നടന്ന വി.എസ്. അച്യുതാനന്ദന്റെ അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു സജി ചെറിയാൻ.
ഇന്ന് പാർട്ടിയിലുള്ള നിരവധി നേതാക്കളെ വളർത്തിക്കൊണ്ടുവന്നത് വി.എസ്. അച്യുതാനന്ദനാണെന്ന് അദ്ദേഹം പറഞ്ഞു. വി.എസ്. വിടപറഞ്ഞതിന് ശേഷമുള്ള ഒരു വർഷക്കാലം പാർട്ടി വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോയതെന്നും അത്തരം സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ ചരമവാർഷികം ആചരിക്കുന്നതെന്നും സജി ചെറിയാൻ പറഞ്ഞു.
ആലപ്പുഴയിലെയും കേരളത്തിലെയും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വി.എസിന്റെ അഭാവം വലിയ നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. വി.എസിന്റെ പാത പിന്തുടർന്നാണ് മുന്നോട്ടുപോകേണ്ടതെന്നും, ആലപ്പുഴയുടെ മണ്ണിൽ എന്തെങ്കിലും കുറവ് സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന്റെ ഇരട്ടി ശക്തിയോടെ തിരിച്ചുവരുമെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു.


















































