ഹരിപ്പാട്: ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർഥിനി സാവരിയ ബസന്ത് (21) മരിക്കുന്നതിന് മുൻപ് 24 മണിക്കൂർ നേരിട്ടത് ക്രൂരമായ അതിക്രമങ്ങളെന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോലീസ് നിഗമനം. അതുപോലെ മൂർച്ചയില്ലാത്ത ഉപകരണം കൊണ്ടു തലയ്ക്കേറ്റ മാരകമായ ക്ഷതമാണു മരണത്തിനിടയാക്കിയതെന്നും പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചു.
കൂടാതെ ദേഹമാസകലം മർദനവും ചവിട്ടുമേറ്റതിനെത്തുടർന്നുള്ള ചതവുകളും പാടുകളുമുണ്ടായിരുന്നു. മാരകമായി ഉപദ്രവിച്ചതു മൂലമുള്ള പരുക്കുകളാണ് ഇവയെന്നും കണ്ടെത്തൽ. മാത്രമല്ല ഇവയെല്ലാം കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ്. എന്നാൽ മൂർച്ചയുള്ള ആയുധങ്ങളൊന്നും പീഡിപ്പിക്കാൻ പ്രയോഗിച്ചിട്ടില്ല. സാവരിയയെ മുറിയിൽ പൂട്ടിയിട്ട ശേഷമാകാം ഉപദ്രവിച്ചതെന്നാണു കരുതുന്നതെന്നു ഹരിപ്പാട് എസ്എച്ച്ഒ വി.ഷിബു അറിയിച്ചു. കാരണം, 24 മണിക്കൂർ ഇത്ര ക്രൂരമായ ഉപദ്രവം സഹിച്ചുകൊണ്ടിരിക്കാൻ കഴിയില്ല. മുറിയിൽ പൂട്ടിയിട്ടതിനാലാകാം രക്ഷപ്പെടാൻ കഴിയാതിരുന്നതെന്നും പോലീസ് വിലയിരുത്തൽ.
അതേസമയം ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കൂടി ലഭിക്കേണ്ടതുണ്ടെന്ന് എസ്എച്ച്ഒ അറിയിച്ചു. സാവരിയയെ സഹപാഠി മലപ്പുറം പെരിന്തൽമണ്ണ സ്വദേശി സദറുൽ അനം തലയ്ക്കടിച്ചു കൊലപ്പെടുത്തി എന്നാണ് കേസ്. ഇയാൾ ഉസ്ബെക്കിസ്ഥാനിൽ പോലീസ് കസ്റ്റഡിയിലാണ്. കൊലപാതകത്തിൽ സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. മാതാപിതാക്കൾ നൽകിയ പരാതിയിൽ മന്ത്രി രമേശ് ചെന്നിത്തലയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ക്രൈംബ്രാഞ്ച് എഡിജിപി വെങ്കിടേഷിനാണ് അന്വേഷണച്ചുമതല നൽകിയിരിക്കുന്നത്.


















































