തിരുവനന്തപുരം: പേര് കാരണം ഇത്രയും വർഷത്തിനിടെ ഒരിക്കലും പ്രശ്നം നേരിട്ടിട്ടില്ലെന്നും ജീവിതത്തിൽ ആദ്യമായാണ് അത് വിവാദമായതെന്നും നാടക പ്രവർത്തകൻ കള്ളൻ വിജയൻ.
“എല്ലാവരും എന്നെ കള്ളൻ വിജയൻ എന്നാണ് വിളിക്കുന്നത്. നാടകരംഗത്തും ആ പേരിലാണ് അറിയപ്പെടുന്നത്. ആ പേര് വിളിക്കുന്നതിൽ സന്തോഷമേയുള്ളൂ. ചെറുപ്പത്തിൽ വീട്ടുകാർ സ്നേഹത്തോടെ വിളിച്ചിരുന്ന പേരാണ് പിന്നീട് എല്ലാവരും സ്വീകരിച്ചത്,” വിജയൻ പറഞ്ഞു.
തന്നെക്കുറിച്ചുള്ള ലേഖനം പ്രസിദ്ധീകരിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന ദേശാഭിമാനി റസിഡന്റ് എഡിറ്റർ എം. സ്വരാജിന്റെ വാദവും അദ്ദേഹം തള്ളി. “ദേശാഭിമാനിയിൽ നിന്ന് രണ്ടാഴ്ചയായി ആളുകൾ വന്ന് വിവരങ്ങൾ ശേഖരിച്ചു. ഫോട്ടോയും വാങ്ങി. പിന്നീട് ലേഖനം പ്രസിദ്ധീകരിക്കാതിരുന്നതിനെക്കുറിച്ച് സാങ്കേതിക പ്രശ്നമാണെന്ന് അറിയിച്ചു. എനിക്ക് പബ്ലിസിറ്റി വേണമെന്ന ആഗ്രഹമില്ല. ലേഖനം വന്നാലും ഇല്ലെങ്കിലും എനിക്ക് പ്രശ്നമില്ല,” അദ്ദേഹം പറഞ്ഞു.
അതേസമയം, വി.എസ്. അച്യുതാനന്ദന്റെ അനുസ്മരണക്കുറിപ്പുകൾ ഉൾപ്പെടുത്തി ഇന്ന് പുറത്തിറങ്ങിയ ദേശാഭിമാനി വാരാന്തപ്പതിപ്പിൽ കള്ളൻ വിജയനെക്കുറിച്ചുള്ള ലേഖനം ഉൾപ്പെടുത്തിയിട്ടില്ല. ഇന്നലെ പ്രസിദ്ധീകരിക്കേണ്ടിയിരുന്ന പതിപ്പാണ് ഒരു ദിവസത്തെ വൈകിയെത്തിയത്. “മുഴങ്ങുന്നിപ്പോഴും ആ കടലിരമ്പം” എന്ന തലക്കെട്ടോടെയുള്ള വി.എസ്. അനുസ്മരണമാണ് പതിപ്പിന്റെ പ്രധാന ആകർഷണം.ഏഷ്യാനെറ്റ് ന്യൂസിനോടാണ് അദ്ദേഹത്തിന്റെ പ്രതികരണം.

















































