എറണാകുളം: പെരുമ്പാവൂരിൽ വീട്ടമ്മയ്ക്ക് നേരെ ബലാത്സംഗ ശ്രമം. നഗ്നനായി എത്തിയ പ്രതി വീട്ടമ്മയെ കടന്നു പിടിച്ചുവെന്നാണ് പരാതി. വീട്ടിൽ മോഷണം നടന്നതായും സൂചനയുണ്ട്. ആശാ പ്രവര്‍ത്തകയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. വെള്ളിയാഴ്ച വൈകിട്ട് 7 മണിയോടെയാണ് സംഭവം. സമീപത്തെ ഒരു വീട്ടിലെ രോഗിയെ പരിചരിച്ച് ആവശ്യമായ ശുശ്രൂഷകൾ നൽകിയ ശേഷം ആശാ പ്രവർത്തക സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തുകയായിരുന്നു. ഈ സമയത്ത് വീടിനകത്തെ സാധനസാമഗ്രികളെല്ലാം വലിച്ചുവാരിയിട്ട നിലയിലായിരുന്നു.
അകത്തുകയറി ഈ സാധനങ്ങളെല്ലാം ഒതുക്കിപ്പെറുക്കി വെക്കുന്നതിനിടയിലാണ് അപരിചിതനായ ഒരാൾ പെട്ടെന്ന് വീടിനുള്ളിലേക്ക് അതിക്രമിച്ചു കയറിയത്. വീടിന്റെ വാതിലുകൾ അകത്തുനിന്ന് പൂട്ടിയ ഇയാൾ ആശാ പ്രവർത്തകയ്ക്ക് നേരെ ലൈംഗിക അതിക്രമത്തിന് മുതിരുകയായിരുന്നു. എന്നാൽ ധൈര്യം സംഭരിച്ച് അക്രമിയെ ശക്തമായി എതിർത്ത ഇവർ ഇയാളുടെ പിടിയിൽ നിന്നും കുതറിയോടി രക്ഷപ്പെടുകയായിരുന്നു.
തുടർന്ന് കഴിഞ്ഞ ദിവസം വൈകിട്ടോടെ പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി ഇവർ പരാതി നൽകി. സംഭവത്തിൽ പൊലീസ് കേസ് എടുത്തിട്ടുണ്ടെങ്കിലും പ്രതിയെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. പ്രതിക്കായി പ്രദേശത്ത് പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.


















































