ന്യൂഡൽഹി: തുറസായ സ്ഥലത്ത് മലമൂത്ര വിസർജ്ജനം നടത്തിയതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ 34കാരനെ പ്രായപൂർത്തിയാകാത്ത അഞ്ച് പേർ ചേർന്ന് കുത്തിക്കൊലപ്പെടുത്തി. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ അശോക് വിഹാറിലാണ് സംഭവം. ഉദ്ദം സിംഗ് പാർക്ക് സ്വദേശിയായ ബൻസി ലാൽ (34)ആ ണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി പ്രേം ബാരി പുൽ സമീപത്താണ് സംഭവം ഉണ്ടായത്.
തുറസായ സ്ഥലത്ത് മലമൂത്ര വിസർജ്ജനം നടത്തിയതിനെ ചൊല്ലിയാണ് തർക്കം ഉണ്ടായതെന്ന് പോലീസ് അറിയിച്ചു. തർക്കത്തിനിടെ ഒരാൾ കൈവശം ഉണ്ടായിരുന്ന നീളമുള്ള കത്തി ഉപയോഗിച്ച് ബൻസി ലാലിന്റെ നെഞ്ച്, വയർ, കൈകാലുകൾ എന്നിവിടങ്ങളിൽ നിരവധി തവണ കുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇയാൾ സംഭവസ്ഥലത്ത് തന്നെ വീണുവീഴുകയായിരുന്നു. തുടർന്ന് പ്രതികൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.
രാത്രി ഏകദേശം 11 മണിയോടെ കേശവ്പുരം ഭാഗത്തേക്ക് പോകുന്ന പ്രേം ബാരി പുൽ സമീപത്ത് കുത്തേറ്റ നിലയിൽ ഒരാൾ ബോധരഹിതനായി കിടക്കുന്നതായി അശോക് വിഹാർ പോലീസ് സ്റ്റേഷനിൽ വിവരം ലഭിച്ചതായി പോലീസ് പറഞ്ഞു. പരുക്കേറ്റയാളെ ഉടൻ ദീപ് ചന്ദ് ബന്ധു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
അതേസമയം സന്ദേശം ലഭിച്ച് രണ്ട് മണിക്കൂറിനുള്ളിൽ അഞ്ച് പ്രതികളെയും അശോക് വിഹാർ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് ഉപയോഗിച്ചുവെന്ന് കരുതപ്പെടുന്ന കത്തിയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.സിസിടിവി ദൃശ്യങ്ങൾ അടക്കം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലായിരുന്നു പ്രതികൾ കുടുങ്ങിയത്.


















































