ന്യൂയോർക്ക്: ഫിഫ വേൾഡ് കപ്പ് 2026 പ്രീക്വാർട്ടർ മത്സരത്തിൽ ലയണൽ മെസ്സി പെനാൽറ്റി നഷ്ടപ്പെടുത്തിയ സംഭവം ലോകമെമ്പാടുമുള്ള ആരാധകരെ നിരാശപ്പെടുത്തിയതിനൊപ്പം ബംഗ്ലാദേശിൽ ഒരാൾ കൊല്ലപ്പെട്ടു. പ്രീ- ക്വാർട്ടറിൽ ഈജിപ്തിനെതിരേ മെസി പെനാൽറ്റി നഷ്ടപ്പെടുത്തിയതാണ് സംഘർഷത്തിലേക്ക് നയിച്ചത്. അർജന്റീന ആരാധകരുടെ ആക്രമണത്തിൽ മൊഹമ്മദ് ഷരിഫുൽ ഇസ്ലാം (35) എന്ന ഓട്ടോറിക്ഷ ഡ്രൈവറാണ് കൊല്ലപ്പെട്ടത്. കുമില്ല ജില്ലയിലെ ഒരു ചായക്കടയിൽ അർജന്റീന-ഈജിപ്ത് മത്സരം കാണുന്നതിനിടെയായിരുന്നു സംഭവം. വിവിധ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, മത്സരദിവസം രാത്രി 11 മണിയോടെയാണ് തർക്കം ഉണ്ടായത്.
15-ാം മിനിറ്റിൽ യാസർ ഇബ്രാഹിമിന്റെ ഗോളിൽ ഈജിപ്ത് ലീഡ് ചെയ്തു. പിന്നീട് 21-ാം മിനിറ്റിലാണ് അർജന്റീനയ്ക്ക് അനുകൂലമായി പെനാൽറ്റി ലഭിക്കുന്നത്. കിക്കെടുത്ത മെസ്സിക്ക് പിഴച്ചു. ഈജിപ്ത് ഗോൾകീപ്പർ മൊസ്തഫ ഷൊബൈൽ കിടിലൻ സേവ് നടത്തിയതോടെ ഒപ്പമെത്താമെന്ന അർജന്റീനയുടെ മോഹം നടപ്പായില്ല. മത്സരത്തിൽ പിന്നീട് 14 മിനിറ്റുകൾ കൊണ്ട് മൂന്ന് ഗോൾ തിരിച്ചടിച്ച് അർജന്റീന 3-2ന് ജയിച്ചിരുന്നു. രണ്ട് ഗോൾ പിറകിൽനിന്ന ശേഷമായിരുന്നു അവിശ്വസനീയമായ ഈ തിരിച്ചുവരവ്. ഇതോടെയാണ് ആരാധകർക്കിടയിൽ വാക്കുതർക്കം ആരംഭിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
തർക്കം വഷളായതോടെ ബാബു, മൈൻ ഉദ്ദിൻ മലു എന്ന രണ്ടു പേർ ഷരിഫുലിനെ തലയിൽ അടിച്ചെന്നാണ് ആരോപണം. ഗുരുതരമായി പക്കേറ്റ ഇയാളെ നാട്ടുകാർ രക്ഷപ്പെടുത്തി കുമില്ല മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പോലീസ് അറിയിച്ചു.
ഷരിഫുൽ ഈജിപ്തിനെ പിന്തുണച്ചിരുന്നുവെങ്കിലും സാധാരണയായി ബ്രസീൽ ആരാധകനായിരുന്നുവെന്ന് സാക്ഷികൾ പറയുന്നു. മെസിയുടെ പെനാൽറ്റി മിസിന് പിന്നാലെ ഒരു അർജന്റീന ആരാധകനോട് അദ്ദേഹം പരിഹാസപരമായ പരാമർശം നടത്തിയതോടെ സംഘർഷം ശക്തമായതെന്നാണ് റിപ്പോർട്ട്. ‘നിങ്ങളുടെ അച്ഛൻ വിചാരിച്ചാലും ഗോൾ നേടാനാവില്ല’ എന്ന് ആക്രോശിച്ചുവെന്നും ഇതിൽ കലിപൂണ്ട അർജന്റീന ആരാധകർ ഷരീഫുമായി വഴക്കിട്ടുമെന്നുമാണ് റിപ്പോർട്ട്.
“ഒരു ഫുട്ബോൾ മത്സരത്തിനായി ആളെ കൊല്ലുമോ? എനിക്ക് രണ്ടു പെൺമക്കളുണ്ട്. ഇനി അവർ ആരെ അച്ഛാ എന്ന് വിളിക്കും? ഞങ്ങളുടെ കുടുംബം തകർന്നുപോയി. കുറ്റക്കാർക്ക് കർശന ശിക്ഷ വേണം,” എന്ന് മരണപ്പെട്ട ഷരിഫുലിന്റെ ഭാര്യ ബ്യൂട്ടി ബാനു അവർ പറഞ്ഞു.

















































