കൗശാംബി: ഉത്തർപ്രദേശിലെ പ്രശസ്തമായ സയ്യിദ് സലാർ ഖാദി ദർഗ തകർത്തു. വ്യാഴാഴ്ച കോഖ്രാജ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഷഹ്സാദ്പൂർ ഉപ്പാർ ഗ്രാമത്തിലാണ് സംഭവം. ബജ്‌റംഗ് ദൾ പ്രവർത്തകരാണ് ആക്രമണത്തിന് പിന്നില്‍ ദർഗ കേന്ദ്രീകരിച്ച് മതപരിവർത്തനം നടക്കുന്നുണ്ടെന്നാണ് ബജ്‌റംഗ് ദൾ നേതൃത്വത്തിന്റെ ആരോപണം. ഇരുപത്തിയഞ്ചോളം വരുന്ന സംഘം അതിക്രമിച്ചു കയറി ദർഗയുടെ ഭാഗങ്ങളും പ്രവേശന കവാടവും തകർക്കുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. തടയാൻ ശ്രമിച്ച ദർഗയിലെ സൂക്ഷിപ്പുകാരനായ അസിം ബാബയെ അക്രമിസംഘം ക്രൂരമായി മർദിച്ചതായും പരാതിയുണ്ട്.
ബൈക്കുകളിലെത്തിയ ഒരു കൂട്ടം യുവാക്കൾ ദർഗയിലെത്തി പരസ്യമായി അക്രമം അഴിച്ചുവിടുകയായിരുന്നു. അവിടെയുണ്ടായിരുന്നവർ ഇതിനെ ചോദ്യം ചെയ്തതോടെ അവരെ ഓടിച്ചിട്ട് തല്ലി. മുസ്‌ലിംകളെ മാത്രമല്ല, ദർഗ സന്ദർശിക്കാനെത്തിയ ഹിന്ദു ഭക്തർക്ക് നേരെയും അക്രമമുണ്ടായെന്നും ദൃക്‌സാക്ഷികളായ അർബാസ്, സാബിർ അലി, ഫത്തേ ഖാൻ എന്നിവർ പറഞ്ഞു. വിവിധ മതവിഭാഗങ്ങളിൽപ്പെട്ട ആളുകൾ എത്തുന്ന ഇടമാണ് സയ്യിദ് സലാർ ഖാദി ദർഗ. അതേസമയം, തങ്ങൾ അക്രമം നടത്തിയിട്ടില്ലെന്നാണ് ബജ്‌റംഗ് ദളിന്റെ വാദം.
ദർഗയിൽ മതപരിവർത്തനവും സ്ത്രീ പീഡനവും നടക്കുന്നുണ്ടെന്ന പരാതിയെ തുടർന്ന് അന്വേഷിക്കാൻ പോയതാണെന്ന് ബജ്‌റംഗ് ദൾ കൗശാംബി ജില്ലാ കൺവീനർ ധീരേന്ദ്ര സിങ് വീഡിയോ സന്ദേശത്തിൽ അവകാശപ്പെട്ടു. സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. അക്രമത്തിൽ തകർന്ന ദർഗയുടെ ഭാഗങ്ങൾ പുനർനിർമിച്ചു നൽകുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം പുരോഗമിക്കുകയാണ്. എല്ലാ ഭാഗത്തുനിന്നുമുള്ള പരാതികളും സാക്ഷിമൊഴികളും പരിശോധിക്കുന്നുണ്ട്.

















































