മേപ്പാടി: വയനാട് കള്ളാടി മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം ഏഴായി. തിരച്ചിലിനിടെ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. മീനാക്ഷി പാലത്തിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ താഴെ പുഴയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
പശ്ചിമ ബംഗാൾ സ്വദേശിയും നിർമാണ കമ്പനിയിലെ സർവേയറുമായ രാഗേഷ് ഗുചെയ്തിന്റെ മൃതദേഹമാണിതെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. ഇതോടെ ദുരന്തത്തിൽ ഇനി ഒരാളെ മാത്രമാണ് കണ്ടെത്താനുള്ളത്.
കള്ളാടിയിൽ തിരച്ചിൽ നാലാം ദിവസവും തുടരുകയാണ്. ഇന്നലെ നടന്ന തിരച്ചിലിൽ മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. കള്ളാടി–ആനക്കാംപൊയിൽ തുരങ്കപാത നിർമാണം നടത്തുന്ന കരാർ കമ്പനിയായ ദിലീപ് ബിൽഡ്കോണിന്റെ തൊഴിലാളികളാണ് ദുരന്തത്തിൽപ്പെട്ടത്.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്. മന്ത്രിമാരായ എ.പി. അനിൽകുമാറും ടി. സിദ്ദീഖും സ്ഥലത്ത് ക്യാമ്പ് ചെയ്ത് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്.
പദ്ധതിയുടെ മേൽനോട്ട ചുമതലയുള്ള കൊങ്കൺ റെയിൽ കോർപ്പറേഷൻ ഉദ്യോഗസ്ഥർ ഇന്ന് ദുരന്തബാധിത പ്രദേശം സന്ദർശിക്കും. അതേസമയം, സർക്കാർ പ്രഖ്യാപിച്ച ഇരട്ട അന്വേഷണത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ദുരന്തത്തിന്റെ കാരണങ്ങൾ പരിശോധിക്കാൻ രൂപീകരിക്കുന്ന വിദഗ്ധ സമിതിയെ ഇന്ന് പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.

















































