വാഷിംഗ്ടൺ/ടെഹ്റാൻ: ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമായി. ഏപ്രിൽ 8-ലെ വെടിനിർത്തൽ ധാരണയ്ക്ക് ശേഷം ആദ്യമായി ഇറാനിലെ സിവിലിയൻ അടിസ്ഥാനസൗകര്യങ്ങൾ ലക്ഷ്യമിട്ട് അമേരിക്ക ആക്രമണം നടത്തിയെന്നാണ് റിപ്പോർട്ടുകൾ. പാലങ്ങൾ, റെയിൽവേ പാതകൾ, ചബഹർ തുറമുഖത്തിലെ നിയന്ത്രണ കേന്ദ്രം എന്നിവ ആക്രമണത്തിന് ഇരയായതായി ഇറാൻ അറിയിച്ചു. ആക്രമണത്തിൽ 14 പേർ കൊല്ലപ്പെടുകയും 78 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ വ്യക്തമാക്കി.
തിരിച്ചടിയായി ബഹ്റൈൻ, കുവൈത്ത്, ഖത്തർ, ജോർദാൻ എന്നിവിടങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങളും സംവിധാനങ്ങളും ലക്ഷ്യമിട്ട് ഇറാൻ മിസൈൽ ആക്രമണം നടത്തിയതായി റിപ്പോർട്ടുകളുണ്ട്. കുവൈത്തിലെ അരിഫ്ജാൻ, അലി അൽ സാലിം എയർബേസുകൾ, ബഹ്റൈനിലെ ജുഫൈർ, ഷെയ്ഖ് ഈസ സൈനിക കേന്ദ്രങ്ങൾ, ഖത്തറിലെ ചില സൈനിക ആശയവിനിമയ സംവിധാനങ്ങൾ എന്നിവയാണ് ആക്രമണത്തിന് ഇരയായതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇതിനിടെ, ആണവായുധ നിർമാണവുമായി ബന്ധപ്പെട്ട തങ്ങളുടെ നയത്തിൽ ആവശ്യമായാൽ മാറ്റം പരിഗണിക്കാമെന്ന മുന്നറിയിപ്പും ഇറാൻ ഉയർത്തി. അതേസമയം, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, “ഒരു ധാരണയിലെത്താൻ ഇറാൻ ശ്രമിക്കുകയാണ്” എന്ന തന്റെ നിലപാട് വീണ്ടും ആവർത്തിച്ചു.
സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ടെഹ്റാനിൽ നിന്ന് മഷ്ഹദിലേക്കുള്ള ട്രെയിൻ സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു. ഗുലിസ്ഥാൻ പ്രവിശ്യയിലെ പ്രധാന റെയിൽവേ പാതയും ആക്രമണത്തിൽ തകർന്നതായി റിപ്പോർട്ടുകളുണ്ട്. ചബഹർ തുറമുഖത്തെ നാവിക നിയന്ത്രണ കേന്ദ്രത്തിനും കേടുപാടുകൾ സംഭവിച്ചു. സിരിക്, ഖേഷം, ബന്ദർ അബ്ബാസ് എന്നിവിടങ്ങളിലും സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു. 90 കേന്ദ്രങ്ങൾ ആക്രമിച്ചതായി അമേരിക്കൻ സെൻട്രൽ കമാൻഡ് അവകാശപ്പെട്ടു.
അതേസമയം, മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖംനഇയുടെ സംസ്കാരച്ചടങ്ങിനായി മൃതദേഹം മഷ്ഹദിലെത്തിച്ചു. ഖത്തർ പ്രധാനമന്ത്രിയുമായി ഇറാൻ വിദേശകാര്യമന്ത്രി ടെലിഫോണിൽ സംസാരിച്ചതായും നയതന്ത്രതലത്തിൽ ചർച്ചകൾ തുടരുന്നതായും റിപ്പോർട്ടുകളുണ്ട്.
















































