ലഖ്നൗ: അയോധ്യ ക്ഷേത്രത്തിലെ വഴിപാട് പണ തട്ടിപ്പ് കേസിൽ നിർണായക വിവരങ്ങളുമായി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി). ക്ഷേത്രത്തിൽ നിന്ന് തട്ടിയെടുത്ത പണത്തിന്റെ ഒരു ഭാഗം ഓഹരി വിപണിയിൽ നിക്ഷേപിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. കേസിലെ പ്രതികളായ അവിനാശ് ശുക്ലയും അനുകൽപ് മിശ്രയുമാണ് വഴിപാട് പണം സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപിച്ച് ലാഭമുണ്ടാക്കാൻ ശ്രമിച്ചതെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തൽ.
രണ്ട് ദിവസമായി പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തുവരുന്ന അനുകൽപ് മിശ്രയാണ് ഇക്കാര്യം അന്വേഷണ സംഘത്തോട് സമ്മതിച്ചത്. തട്ടിയെടുത്ത പണം പലിശയ്ക്ക് നൽകിയതായും ബന്ധുക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കും കൈമാറിയതായും പ്രതികൾ മൊഴി നൽകിയിട്ടുണ്ട്.
തുടർന്ന് പ്രതികളുടെയും ബന്ധുക്കളുടെയുമടക്കം 30 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതായി എസ്‌ഐടി അറിയിച്ചു. കേസിന്റെ ഭാഗമായി പ്രതികളെ സംഭവസ്ഥലങ്ങളിലും വീടുകളിലും എത്തിച്ച് തെളിവെടുപ്പും നടത്തി.
അതേസമയം, ബദരിനാഥ് ക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണവും പുരോഗമിക്കുകയാണ്. ക്ഷേത്ര സമിതി ചെയർമാന്റെ പേഴ്‌സണൽ അസിസ്റ്റന്റായ പ്രമോദ് നൊത്യാലിനെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ജോഷിമഠിലെ ക്ഷേത്രത്തിലും ജോലി ചെയ്തിരുന്ന ഇയാൾ അവിടെയും സമാനമായ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നാണ് അന്വേഷണം. കൂടുതൽ ക്ഷേത്ര ജീവനക്കാരും സമിതി ഭാരവാഹികളും അന്വേഷണപരിധിയിലുണ്ടെന്നാണ് വിവരം.

















































