ന്യൂയോർക്ക്: 2026 ഫിഫ ലോകകപ്പിൽ നോർവെയോട് തോറ്റ് ബ്രസീൽ ക്വാർട്ടർ കാണാതെ പുറത്തായതിനു പിന്നാലെ അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ബ്രസീലിന്റെ സുൽത്താൻ. ബ്രസീലിനായി ഏറ്റവുമധികം ഗോളുകൾ നേടിയ താരം എന്ന ബഹുമതിയോടെയാണ് നെയ്മർ കളം വിടുന്നത്.
“ഞാൻ പരമാവധി ശ്രമിച്ചു. ഞാൻ ശ്രമിച്ചു നോക്കി. മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ വച്ചാണ് എല്ലാം തുടങ്ങിയത്, ഇവിടെ വച്ച് തന്നെ ഞാനിത് അവസാനിപ്പിക്കുകയും ചെയ്യുന്നു. എല്ലാം കഴിഞ്ഞു.’’– മത്സരത്തിന് ശേഷം നെയ്മാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അതേസമയം ബ്രസീൽ ദേശീയ ടീമിനായി 130 മത്സരങ്ങളിൽ നിന്ന് 80 ഗോളുകളും 59 അസിസ്റ്റുകളും നെയ്മർ സ്വന്തമാക്കിയിട്ടുണ്ട്. 16 വർഷത്തെ കരിയറിനാണ് ഈ 34-കാരൻ അവസാനം കുറിച്ചത്. ഈ ലോകകപ്പിൽ സബ്‌സ്റ്റിറ്റ്യൂട്ട് താരമായി രണ്ടു മത്സരങ്ങളിലാണ് 34 വയസുകാരനായ നെയ്മാർ കളത്തിലിറങ്ങിയത്. ഗ്രൂപ്പ് ഘട്ടത്തിൽ സ്കോട്ട്ലൻഡിനെതിരായ മത്സരത്തിന്റെ രണ്ടാം പകുതിയിൽ പകരക്കാരനായി എത്തിയ താരം, നോർവേയ്‌ക്കെതിരായ പ്രീ-ക്വാർട്ടർ മത്സരത്തിന്റെ രണ്ടാം പകുതിയിലും ഇറങ്ങി. ഇൻജറഴി ടൈമിൽ പെനൽറ്റിയിലൂടെ ടൂർണമെന്റിലെ തന്റെ ഏക ഗോളും സ്വന്തമാക്കി.
2012-ലെ ലണ്ടൻ ഒളിമ്പിക്‌സിലെ വെള്ളി മെഡൽ നേടിയ താരം ബ്രസീലിനൊപ്പം 2013-ൽ ഫിഫ കോൺഫെഡറേഷൻസ് കപ്പ്, 2016-ൽ ബ്രസീലിൽ വെച്ച് നടന്ന ഒളിമ്പിക്‌സിൽ സ്വർണ്ണ മെഡലും നേടിയിട്ടുണ്ട്. നാല് ലോകകപ്പുകളിൽ ബ്രസീലിനായി കളിച്ചെങ്കിലും ലോകകിരീടം അദ്ദേഹത്തിന് നേടാനായില്ല.
അതേസമയം കരിയറിലുടനീളം പരുക്കുകൾ നെയ്മറെ വേട്ടയാടിയിരുന്നു. 2023 ഒക്ടോബറിൽ പരുക്കേറ്റതിനു ശേഷം ലോകകപ്പിലാണ് നെയ്മാർ ആദ്യമായി ബ്രസീലിനു വേണ്ടി പന്തു തട്ടിയത്. അതേപോലെ ബ്രസീലിനായി ഒരു ലോകകപ്പ് എന്ന സ്വപ്നം ബാക്കിയാക്കിയാണ് സുൽത്താൻ പടിയിറങ്ങുന്നത്.

















































