പഞ്ചാബ്: പിണങ്ങി വീട്ടിൽനിന്നു ഇറങ്ങിപ്പോയ ഭാര്യയെ തിരികെ വിളിക്കാൻ ഭാര്യാ ഗൃഹത്തിലെത്തിയ യുവാവിനെ ഭാര്യയുടെ സഹോദരൻ തീവെച്ച് കൊലപ്പെടുത്തി. പഞ്ചാബിലെ താരൺതരണിലാണ് സംഭവം. ലൗവ്പ്രീത് സിങ് എന്ന വ്യക്തിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. യുവാവിന്റെ ദേഹത്തേക്കു തീ പടരുന്നതുകണ്ട് രക്ഷിക്കാനെത്തിയ ഭാര്യയുടെ ബന്ധുവായ ഗിരിജാ കൗറിന് സാരമായി പൊള്ളലേറ്റു. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിക്കെ യുവതിയും മരണത്തിന് കീഴടങ്ങി.
ജൂൺ 13നാണ് ലൗവ്പ്രീത് സിങ് ഭാര്യയുടെ വീട്ടിലെത്തിയത്. പിണങ്ങിപ്പോയ ഭാര്യ സന്ദീപ് കൗറിനെ തിരികെ വിളിച്ചുകൊണ്ടുപോകാനായിരുന്നു ലൗവ്പ്രീത് എത്തിയത്. ഇരുവരും തമ്മിലുള്ള തർക്കത്തെ തുടർന്നായിരുന്നു സന്ദീപ് കൗർ സ്വന്തം വീട്ടിലേക്ക് വന്നത്. ഭാര്യവീട്ടിലെത്തിയ ലൗവ്പ്രീതിന്റെ ഭാര്യയുടെ സഹോദരൻ സജൻ സിങ്, തീപിടിക്കുന്ന ഒരു വസ്തു ശരീരത്തിലേക്ക് ഒഴിച്ച് തീയിടുകയായിരുന്നു. ഇത് കണ്ട സജൻ സിങിന്റെ ബന്ധുവായ യുവതി ലൗപ്രീതിനെ രക്ഷിക്കാൻ ശ്രമിച്ചത്.
അതേസമയം സഹോദരൻ സജൻ സിങ് പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ലൗപ്രീതിനെ രക്ഷിക്കാനെത്തിയ യുവതിയുടെ ശരീരത്തിലേക്ക് തീപടർന്നപ്പോൾ രക്ഷിക്കാൻ മറ്റൊരാൾ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സ്വയരക്ഷയ്ക്കായി ലൗപ്രീതും ഗിരിജയും ഭയന്ന് ഓടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിൽ സജൻ സിങിനെതിരെ പോലീസ് കേസെടുത്തു.
















































