തൃശൂർ: ഓടിക്കൊണ്ടിരുന്ന കാറിൽ നിന്ന് യുവതിയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ടതോടെ തട്ടിക്കൊണ്ടുപോകൽ സംശയിച്ച് നാട്ടുകാരൻ പൊലീസിനെ വിവരമറിയിച്ചു. ചേറ്റുവയിൽ നിന്ന് വാടാനപ്പള്ളി ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന കാറിന്റെ നമ്പർ സഹിതമാണ് വിവരം കൈമാറിയത്. ഇതോടെ പൊലീസ് ജാഗ്രത പാലിച്ച് വാഹനത്തിനായി വ്യാപക തിരച്ചിൽ ആരംഭിച്ചു.
ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സമീപ സ്റ്റേഷനുകളിലേക്കെല്ലാം വാഹനത്തിന്റെ വിവരം കൈമാറി. തുടർന്ന് ഉച്ചയ്ക്ക് 2.40ഓടെ മതിലകം പൊലീസ് സ്റ്റേഷൻ പരിധിയിലെ പെരിഞ്ഞനത്ത് വാഹനം കണ്ടെത്തി തടഞ്ഞുനിർത്തി. കൂടുതൽ പരിശോധനയ്ക്കായി കാർ സ്റ്റേഷനിലേക്ക് മാറ്റുകയും യാത്രക്കാരെ ചോദ്യം ചെയ്യുകയും ചെയ്തു.
അന്വേഷണത്തിലാണ് സംഭവത്തിന് പിന്നിലെ യാഥാർഥ്യം വ്യക്തമായത്. കാറിലുണ്ടായിരുന്നത് പത്തനംതിട്ട സ്വദേശികളായ ദമ്പതികളാണെന്ന് പൊലീസ് കണ്ടെത്തി. ഗുരുവായൂരിൽ വിവാഹച്ചടങ്ങിൽ പങ്കെടുത്ത് നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായത്. തർക്കത്തിനിടെ യുവതി ഉച്ചത്തിൽ സംസാരിച്ചതാണ് പുറത്തുണ്ടായിരുന്നവർ തട്ടിക്കൊണ്ടുപോകൽ ശ്രമമാണെന്ന് തെറ്റിദ്ധരിക്കാൻ ഇടയായതെന്ന് ദമ്പതികൾ പൊലീസിനോട് വിശദീകരിച്ചു.
ആദ്യമായി ലഭിച്ച വാഹന നമ്പറിൽ ചെറിയ പിഴവുണ്ടായിരുന്നെങ്കിലും, വിവരം ഗൗരവത്തോടെ പരിഗണിച്ച് പൊലീസ് നടത്തിയ അതിവേഗ ഇടപെടലിലൂടെ വാഹനം വേഗത്തിൽ കണ്ടെത്താൻ കഴിഞ്ഞു. പരിശോധനകൾക്ക് ശേഷം സംഭവം തെറ്റിദ്ധാരണയാണെന്ന് വ്യക്തമായതോടെ ദമ്പതികളെ വിട്ടയച്ചു.

















































