കൊച്ചി: ആനക്കൊമ്പ് കേസിൽ തന്റെ കൈവശമുള്ള ആനക്കൊമ്പുകളുടെയും കരകൗശല വസ്തുക്കളുടെയും വിവരങ്ങൾ വനംവകുപ്പിന് കൈമാറി നടൻ മോഹൻലാൽ. വനംവകുപ്പ് പ്രഖ്യാപിച്ച ഒറ്റത്തവണ പൊതുമാപ്പ് പദ്ധതിയുടെ ഭാഗമായാണ് വിവരങ്ങൾ സമർപ്പിച്ചത്. മാർച്ചിൽ മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് (DFO) നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് നടപടികൾ ആരംഭിച്ചത്.
രണ്ട് ജോഡി ആനക്കൊമ്പുകളും 13 കരകൗശല വസ്തുക്കളുമാണ് മോഹൻലാലിന്റെ കൈവശമുള്ളത്. 2011 ഡിസംബർ 21-ന് ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് തേവരയിലെ വീട്ടിൽ നിന്ന് രണ്ട് ജോഡി ആനക്കൊമ്പുകൾ കണ്ടെത്തിയത്. ഇവ കൈവശം വയ്ക്കുന്നതിനുള്ള ലൈസൻസ് ഹാജരാക്കാനാകാതിരുന്നതിനെ തുടർന്ന് വനംവകുപ്പ് മോഹൻലാലിനെ പ്രതിയാക്കി കേസെടുത്തിരുന്നു.
2015-ൽ പെരുമ്പാവൂർ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ കേസ് പിൻവലിക്കാനുള്ള നടപടികളും അന്നത്തെ സർക്കാർ ആരംഭിച്ചു. തുടർന്ന് ആനക്കൊമ്പുകൾ കൈവശം വയ്ക്കാൻ മോഹൻലാലിന് സർക്കാർ ലൈസൻസ് അനുവദിച്ചു. എന്നാൽ സർക്കാർ നടപടി ചോദ്യം ചെയ്തുള്ള ഹർജിയിൽ, ലൈസൻസ് അനുവദിച്ച നടപടി ക്രമങ്ങളിൽ സാങ്കേതിക പിഴവുകൾ ഉണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി പിന്നീട് ലൈസൻസ് റദ്ദാക്കുകയായിരുന്നു. ഇപ്പോൾ വനംവകുപ്പിന്റെ പൊതുമാപ്പ് പദ്ധതിയുടെ ഭാഗമായാണ് മോഹൻലാൽ ആനക്കൊമ്പുകളുടെ വിവരങ്ങൾ ഔദ്യോഗികമായി കൈമാറിയിരിക്കുന്നത്.


















































