കോഴിക്കോട്: കൊടുവള്ളിയിൽ സ്വത്തു തർക്കത്തെ തുടർന്ന് ഇളയ സഹോദരനെ വെട്ടിക്കൊലപ്പെടുത്തി. വലിയപറമ്പ് താന്നിരിക്കംപൊയിൽ സ്വദേശിയായ പ്രസാദ് (50) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ മൂത്ത സഹോദരൻ പ്രമോദിനെ (54) പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം. കൊല്ലപ്പെട്ട പ്രസാദും പ്രതിയായ പ്രമോദും ഒരേ വീട്ടിലായിരുന്നു താമസം.
കൂറച്ചുകാലമായി കൂലിപ്പണിക്കാരനായ പ്രസാദും മരപ്പണിക്കാരനായ പ്രമോദും തമ്മിൽ സ്വത്തു സംബന്ധിച്ച് ദീർഘകാലമായി തർക്കം നിലനിന്നിരുന്നു. ഇത് സംബന്ധിച്ച് ഇവർ കോടതിയെ സമീപിക്കുകയും ഉത്തരവ് നിലനിൽക്കുകയും ചെയ്തിരുന്നുവെങ്കിലും തർക്കങ്ങൾ പരിഹരിക്കപ്പെട്ടിരുന്നില്ല.
ശനിയാഴ്ച രാത്രി മദ്യപാനത്തെ തുടർന്നു ഇരുവരും തമ്മിലുണ്ടായ വാക്കേറ്റമാണ് ഒടുവിൽ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നാല് മക്കളുള്ള ഈ കുടുംബത്തിലെ മൂന്ന് ആൺമക്കളും അവിവാഹിതരാണ്. ഇവരുടെ മാതാവ് 15 വർഷം മുമ്പും പിതാവ് അഞ്ചു വർഷം മുമ്പും മരണപ്പെട്ടിരുന്നു. ഏക സഹോദരി കൊടുവള്ളി കരുവൻപൊയിലിലും മറ്റൊരു സഹോദരൻ നരിക്കുനി അത്താണിയിലുമാണ് താമസിക്കുന്നത്.

















































