കോഴിക്കോട്/ പാലക്കാട്: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയ്ക്കിടെ പേരാമ്പ്രയിൽ ലഹരി മരുന്ന് സംഘം പോലീസിനെയും നാട്ടുകാരെയും ആക്രമിച്ചു. സംഭവത്തിൽ രണ്ട് യുവാക്കളും മൂന്ന് സ്ത്രീകൾ ഉൾപ്പെടെ അഞ്ചുപേരെ പോലീസ് പിടികൂടി. കോഴിക്കോട് റൂറൽ എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പേരാമ്പ്ര പാണ്ടിക്കോട് വെച്ച് ഡാൻസാഫ് സ്‌ക്വാഡ് നടത്തിയ പരിശോധനയ്ക്കിടെയാണ് അക്രമം നടന്നത്.
പരിശോധനയ്ക്കായി കാറിനു അടുത്തേക്കു വന്ന ഉദ്യോഗസ്ഥരെ ലഹരി സംഘം പെട്ടെന്ന് തന്നെ തടയുകയും ആക്രമിക്കാൻ തുടങ്ങുകയുമായിരുന്നു. അക്രമത്തിൽ സ്ക്വാഡ് അംഗങ്ങൾക്കും റിയാദ് എന്ന നാട്ടുകാരനും പരുക്കേറ്റിട്ടുണ്ട്. തുടർന്ന് കൂടുതൽ പോലീസ് സ്ഥലത്തെത്തിയാണ് അക്രമിസംഘത്തെ ബലമായി കീഴടക്കിയത്. പിടിയിലായവരിൽ നിന്നും മാരകമായ രാസലഹരിയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
അതേസമയം പാലക്കാട് ഓപ്പറേഷൻ തൂഫാൻ പരിശോധനയ്ക്കിടെ ഹേമാംബിക നഗർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കു നേരെ ആക്രമണമുണ്ടായി. വനിതാ പോലീസ് ഉദ്യോഗസ്ഥ ഉൾപ്പെടെ മൂന്ന് പലീസുകാർക്ക് ആക്രമണത്തിൽ പരുക്കേറ്റു. മണ്ണാർക്കാട് സ്വദേശി ജിജീഷും സംഘവുമാണ് പോലീസ് ഉദ്യോഗസ്ഥരെ അക്രമിച്ചത്. ഇന്നലെ വൈകിട്ട് 6 മണിയോടെ ആയിരുന്നു സംഭവം.
മലമ്പുഴ ഭാഗത്തുനിന്നുവന്ന കാർ പോലീസ് തടയുകയും പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെ കാറിനുള്ളിൽ ഉണ്ടായിരുന്നവർ പോലീസിനെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു. ഇവർ മദ്യപിച്ചിരുന്നതായും കാറിൽ മദ്യകുപ്പി ഉണ്ടായിരുന്നതായും പരുക്കേറ്റ പോലീസ് ഉദ്യോഗസ്ഥർ പറയുന്നു. പിന്നാലെ കാറിലുണ്ടായിരുന്നവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
















































