ടെഹ്‌റാൻ: അമേരിക്കയേയും ഇസ്രയേലിനേയും വിശ്വസിക്കാൻ കൊള്ളില്ലാത്തതിനാൽ ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനയിയുടെ സംസ്‌കാരചടങ്ങിൽ അദ്ദേഹത്തിന്റെ മകനും നിലവിലെ പരമോന്നത നേതാവുമായ മൊജ്തബ ഖമനയി പങ്കെടുക്കാൻ സാധ്യയില്ലെന്ന് റിപ്പോർട്ട്. മൊജ്തബ ഖമനയിയുടെ ഏറ്റവും അടുത്ത അനുയായിയായ ആയത്തുള്ള ഹക്കിം ഇലാഹിയെ ഉദ്ധരിച്ച് ഇന്ത്യ ടുഡേയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സുരക്ഷാ ആശങ്കകൾ മുൻ നിർത്തിയാണ് ഈ തീരുമാനമെന്നാണ് റിപ്പോർട്ട് വിശദീകരിക്കുന്നത്.
ഇസ്രയേലുമായുള്ള സംഘർഷം അതി സങ്കീർണമായ സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞതായും ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. അതേസമയം ഇറാൻ പരമോന്നത നേതാവിന്റെ ഇന്ത്യയിലെ പ്രതിനിധിയാണ് ആയത്തുള്ള ഹക്കിം ഇലാഹി.കഴിഞ്ഞാഴ്ച താൻ ഇറാനിലുണ്ടായിരുന്നു. മൊജ്തബയുടെ അടുത്ത സുഹൃത്തുക്കളുമായി സംവദിച്ചിരുന്നു. അദ്ദേഹത്തിന് പുറത്തെത്തി ജനങ്ങളെ കാണണമെന്നാണ് താത്പര്യം. എന്നാൽ സുരക്ഷ മുൻനിർത്തി അത് സാധ്യമാവില്ലെന്ന് അവർ പറഞ്ഞുവെന്ന് ഇലാഹിയെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ പറയുന്നു. കൂടാതെ നിലവിലെ സാഹചര്യം കൂടുതൽ അപകടകരമാണെന്നും അദ്ദേഹം പറയുന്നുണ്ട്.
അതേസമയം ഒരിക്കലും പകരം വയ്ക്കാനാവാത്ത ഒരു നഷ്ടമാണ് ഇറാൻ ജനതയ്ക്ക് ഉണ്ടായിരിക്കുന്നതെന്നും ആയത്തുള്ള അലി ഖമനയിയുടെ മരണം സംഭവിച്ചത് മുതൽ ലക്ഷണക്കണിക്ക് ഇറാൻ പൗരന്മാർ ആഴത്തിലുള്ള ദുഃഖത്തിലാണെന്നും അദ്ദേഹം പറഞ്ഞു. തെഹ്‌റാനിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഡൽഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് ഹക്കിം ഇലാഹിയോട് സംസാരിച്ചതെന്നും ഇന്ത്യ ടുഡേ വ്യക്തമാക്കിയിട്ടുണ്ട്.
ജൂലൈ നാലിനാണ് ആയത്തുള്ള ആലി ഖമനയി സംസ്‌കാര ചടങ്ങുകൾ ആരംഭിക്കുന്നത്. ഖമനയി ജനിച്ച, വടക്ക് പടിഞ്ഞാറൻ ഇറാനിലെ വിശുദ്ധ നഗരം എന്നറിയപ്പെടുന്ന മഷാദിൽ ജൂലെെ ഒമ്പതിന് അദ്ദേഹത്തിന്റെ സംസ്‌കാരം നടക്കും. ഫെബ്രുവരി 28ന് ഇസ്രയേൽ – യുഎസ് സഖ്യം തെഹ്റാനിൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഖമനയി കൊല്ലപ്പെട്ടത്. 36 വർഷമാണ് ഇറാന്റെ പരമോന്നത നേതാവെന്ന പദവിൽ അദ്ദേഹം രാജ്യത്തെ നയിച്ചത്. ടെഹ്റാന് തെക്കൻ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഖോമിലും ചില ചടങ്ങുകൾ സംഘടിപ്പിക്കുമെന്നാണ് ഇറാന്റെ ഔദ്യാഗിക മാധ്യമം അറിയിച്ചിരിക്കുന്നത്. തെഹ്റാൻ, മാഷാദ്, ഖോം എന്നിവിടങ്ങളിൽ നിന്നായി 20 മില്യണോളം പേർ സംസ്‌കാരത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം. 1989ൽ ആയത്തുള്ള റൂഹൊള്ള ഖൊമേനിയുടെ സംസ്‌കാരചടങ്ങിൽ പങ്കെടുത്ത 100 ലക്ഷം പേരെന്ന സംഖ്യയെ ഇത് മറികടക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

















































