കൊച്ചി: ഭൂട്ടാനിൽ നിന്ന് നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് കടത്തിയ ആഡംബര വാഹനങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നടൻ ദുൽഖർ സൽമാനെ വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റംസ് ഒരുങ്ങുന്നു. താരത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്ത കൂടുതൽ കള്ളക്കടത്ത് വാഹനങ്ങളുടെ വിവരങ്ങൾ അന്വേഷണത്തിനിടെ ലഭിച്ചതോടെയാണ് തുടർനടപടികൾ വേഗത്തിലാക്കുന്നത്.
‘ഓപ്പറേഷൻ നുംഖോറി’യുടെ ഭാഗമായി നടക്കുന്ന അന്വേഷണത്തിൽ ദുൽഖറിന്റെ പേരിൽ രജിസ്റ്റർ ചെയ്ത ചില ആഡംബര വാഹനങ്ങൾ നേരത്തേ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. ലാൻഡ് റോവർ ഡിഫൻഡർ, ടൊയോട്ട ലാൻഡ് ക്രൂസർ, നിസാൻ പട്രോൾ എന്നിവ ഉൾപ്പെടെയുള്ള വാഹനങ്ങളാണ് പിടിച്ചെടുത്തത്. തുടർന്ന് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് ഓഫീസിൽ ഹാജരായ ദുൽഖർ, വാഹനങ്ങൾ നിയമാനുസൃതമായാണ് വാങ്ങിയതെന്നും അവ നിയമവിരുദ്ധമായി രാജ്യത്തേക്ക് കടത്തിയതാണെന്ന് അറിയില്ലായിരുന്നെന്നും മൊഴി നൽകിയിരുന്നു.
എന്നാൽ അന്വേഷണത്തിനിടെ ദുൽഖറിന്റെ പേരിൽ രജിസ്റ്റർ ചെയ്തതായി സംശയിക്കുന്ന കൂടുതൽ വാഹനങ്ങളുടെ വിവരങ്ങൾ കസ്റ്റംസിന് ലഭിച്ചതായാണ് സൂചന. ഈ വാഹനങ്ങൾ എങ്ങനെ കൈമാറപ്പെട്ടു, വാങ്ങൽ നടപടിക്രമങ്ങൾ എന്തായിരുന്നു, ഇടപാടുകളിൽ മറ്റാർക്കെല്ലാം പങ്കുണ്ടായിരുന്നു തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്താനാണ് താരത്തെ വീണ്ടും ചോദ്യം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്.
ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് ആഡംബര വാഹനങ്ങൾ ഇന്ത്യയിലെത്തിച്ച് വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്തശേഷം കേരളത്തിലേക്ക് എത്തിച്ച് വിൽക്കുന്ന ശൃംഖലയെക്കുറിച്ചാണ് കസ്റ്റംസ് അന്വേഷണം നടത്തുന്നത്. കേസിൽ കൂടുതൽ ആളുകളുടെ പങ്കും സാമ്പത്തിക ഇടപാടുകളും പരിശോധിച്ചുവരികയാണ്.
നേരത്തെ പിടിച്ചെടുത്ത വാഹനങ്ങൾ ഹൈക്കോടതിയുടെ നിർദേശപ്രകാരം ബാങ്ക് ഗാരണ്ടിയുടെ അടിസ്ഥാനത്തിൽ ദുൽഖറിന് വിട്ടുനൽകിയിരുന്നു. അന്വേഷണ സംഘം ആവശ്യപ്പെടുമ്പോൾ വാഹനങ്ങൾ ഹാജരാക്കണമെന്നും കോടതിയുടെ അനുമതിയില്ലാതെ സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോകരുതെന്നുമുള്ള വ്യവസ്ഥയും നിലവിലുണ്ട്.















































