ലണ്ടൻ: ഇന്ത്യയുടെ കൗമാര ക്രിക്കറ്റ് പ്രതിഭ വൈഭവ് സൂര്യവംശിക്ക് ഇതുവരെ അരങ്ങേറ്റ അവസരം നൽകാത്ത ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. ഐപിഎല്ലിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ചതിന് പിന്നാലെ അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കുള്ള ഇന്ത്യൻ ടി20 ടീമിൽ ഇടം നേടിയിട്ടും 15-കാരനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്താതിരുന്നത് അംഗീകരിക്കാനാവില്ലെന്നാണ് ശാസ്ത്രിയുടെ നിലപാട്.
അയർലൻഡിനെതിരായ പരമ്പരയിൽ വൈഭവിനെ കളിപ്പിച്ചിരുന്നെങ്കിൽ അവൻ ഐറിഷ് ബൗളർമാരുടെ തുണിയുരിച്ചേനെഎന്ന് ശാസ്ത്രി പറഞ്ഞു. ഭയമില്ലാതെ ബാറ്റ് ചെയ്യുന്ന വൈഭവിനെപ്പോലൊരു എക്സ്-ഫാക്ടർ താരത്തെ എന്തിനാണ് ബെഞ്ചിലിരുത്തി സമയം കളയുന്നതെന്നും അദ്ദേഹം ചോദിച്ചു. ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ടി20 മത്സരത്തിന് മുന്നോടിയായി സോണി സ്പോർട്സ് നെറ്റ്‌വർക്കിൽ സംസാരിക്കവെയായിരുന്നു ശാസ്ത്രിയുടെ പ്രതികരണം. അയർലൻഡിനെതിരായ രണ്ട് മത്സരങ്ങളിലും ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിലും സഞ്ജു സാംസണും അഭിഷേക് ശർമയുമാണ് ഇന്ത്യക്കായി ഇന്നിങ്‌സ് ഓപ്പൺ ചെയ്തത്.
“വൈഭവിനെ അയർലൻഡിനെതിരെ തന്നെ കളിപ്പിക്കണമായിരുന്നു. അവിടുത്തേത് സ്ലോ ആയ, സ്പോഞ്ചി ട്രാക്കുകളായിരുന്നു. ഗ്രൗണ്ട് ചെറുതുമാണ്. അവൻ ഐറിഷ് ബൗളർമാരെ അടിച്ച് സ്റ്റേഡിയത്തിന്റെ മേൽക്കൂരയിൽ എത്തിക്കുമായിരുന്നു. അവൻ അവരുടെ തുണിയുരിച്ചേനെ. അവിടെ അവൻ എന്തായാലും കളിക്കേണ്ടതായിരുന്നു. ഇനിയിപ്പോൾ ഇംഗ്ലണ്ടിൽ അവന് അവസരം കിട്ടുമോ എന്ന് എനിക്കറിയില്ല. അവനെ എത്രയും പെട്ടെന്ന് ടീമിൽ ഉൾപ്പെടുത്തൂ. ഐപിഎല്ലിൽ അവൻ എല്ലാവരെയും തല്ലിച്ചതച്ചതാണ്. ഏത് ലോകോത്തര ഫാസ്റ്റ് ബൗളറെയാണ് അവൻ വെറുതെ വിട്ടത്. എന്നിട്ടാണ് നിങ്ങളവനെ ബെഞ്ചിലിരുത്തി വെള്ളം ചുമപ്പിക്കുന്നത്,” ശാസ്ത്രി പറഞ്ഞു.
മൂന്ന് തവണ ലോകചാമ്പ്യന്മാരായ ഇന്ത്യയെ ചരിത്രത്തിലാദ്യമായി ഒരു ടി20 പരമ്പരയിൽ തോൽപ്പിച്ചാണ് അയർലൻഡ് 2-0ന് പരമ്പര സ്വന്തമാക്കിയത്. അപ്രതീക്ഷിതമായ ആ തോൽവിക്കുശേഷവും വൈഭവിന് അവസരം നൽകാതിരുന്നത് ശാസ്ത്രിയുടെ വിമർശനത്തിന് കൂടുതൽ ശക്തി നൽകി.
അണ്ടർ-19 ലോകകപ്പ് ഫൈനലിൽ 175 റൺസ് നേടി ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച വൈഭവ്, തുടർന്ന് നടന്ന ഐപിഎൽ 2026 സീസണിൽ 776 റൺസുമായി ഓറഞ്ച് ക്യാപ് സ്വന്തമാക്കി. ഐപിഎൽ ചരിത്രത്തിൽ ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും 15-കാരൻ സ്വന്തമാക്കി.
വൈഭവിന്റെ മാനസിക കരുത്തിനെയും ശാസ്ത്രി പ്രശംസിച്ചു. “അവന് മുൻകാല പരാജയങ്ങളുടെ യാതൊരു ഭാരവുമില്ല. വെറും 15 വയസേയുള്ളൂ, ആ യുവത്വത്തിന്റെ പ്രസരിപ്പ് അവനുണ്ട്. അവന് ഒന്നിനെയും പേടിയില്ല. ആദ്യത്തെ 2-3 ഓവർ അവൻ ക്രീസിൽ നിന്നാൽ മിഡിൽ ഓർഡറിന് തകർപ്പൻ അടിത്തറയാകും ലഭിക്കുക. അവന് വേണ്ടി ടീമിൽ ഇടം കണ്ടെത്തിയേ മതിയാകൂ,” ശാസ്ത്രി വ്യക്തമാക്കി.















































