കൊച്ചി: നടൻ ടിനി ടോമിനെതിരെ നടി അൻസിബയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിലെ വിവരങ്ങൾ പുറത്തുവന്നു. ജിഹാദിയെന്നും മതതീവ്രവാദിയെന്നും ചിത്രീകരിച്ച് തന്റെ മതപരമായ വ്യക്തിത്വത്തെ അപമാനിക്കാൻ ടിനി ടോം ശ്രമിച്ചെന്നാണ് എഫ്‌ഐആറിലുള്ള പ്രധാന ആരോപണം. പരസ്യമായി അശ്ലീലവും ലൈംഗിക ചുവയുള്ളതുമായ പരാമർശങ്ങൾ നടത്തിയതായും പരാതിയിൽ പറയുന്നു.
കഴിഞ്ഞ ഫെബ്രുവരി 13ന് കടവന്ത്ര റീജണൽ സ്‌പോർട്‌സ് സെന്ററിൽ നടന്ന ‘അമ്മ’ കുടുംബസംഗമത്തിന്റെ റിഹേഴ്സലിനിടെയായിരുന്നു കേസിനാസ്പദമായ സംഭവം. നിരവധി താരങ്ങളുടെ സാന്നിധ്യത്തിൽ പരാതിക്കാരിയായ അൻസിബയെ ലക്ഷ്യമിട്ട് ടിനി ടോം അധിക്ഷേപകരവും അശ്ലീലവുമായ ലൈംഗിക പരാമർശങ്ങൾ നടത്തിയതായി എഫ്‌ഐആറിൽ വ്യക്തമാക്കുന്നു.
അതോടൊപ്പം, അൻസിബയെ മറ്റ് അംഗങ്ങൾക്കിടയിൽ ‘ജിഹാദി’, ‘മതതീവ്രവാദി’ എന്നീ വിശേഷണങ്ങൾ ഉപയോഗിച്ച് ആക്ഷേപിക്കുകയും മതപരമായ വ്യക്തിത്വത്തെ വ്രണപ്പെടുത്തുന്ന തരത്തിൽ പ്രചരിപ്പിക്കുകയും ചെയ്തതായും പരാതിയിൽ പറയുന്നു.
കേസെടുത്ത കടവന്ത്ര പൊലീസ് ടിനി ടോമിനെ ഉടൻ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തുമെന്നാണ് വിവരം. അതേസമയം, ലക്ഷ്മി പ്രിയയ്ക്കും ശ്വേതാ മേനോനും എതിരെ പാലാരിവട്ടം പൊലീസിൽ നൽകിയ പരാതിയിൽ നടപടി സ്വീകരിച്ചില്ലെന്നാരോപിച്ച് അൻസിബ കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹർജിയിൽ ഒൻപതാം തീയതിക്കകം റിപ്പോർട്ട് സമർപ്പിക്കാൻ പാലാരിവട്ടം എസ്‌എച്ച്‌ഒയോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നിർദേശിച്ചു.















































