ബെംഗളൂരു: കർണാടകയിലെ തുംകൂരുവിൽ പെൺസുഹൃത്തുമായി വഴക്കിട്ട യുവാവ് കാറിനുള്ളിൽ പെട്രോൾ ബോംബ് പൊട്ടിച്ച് ജീവനൊടുക്കി. അങ്കോള സ്വദേശി നാഗേന്ദ്രയാണ് മരിച്ചത്. പെൺസുഹൃത്ത് രമ്യയെ കാറിനുള്ളിൽ വച്ച് കുത്തിയ ശേഷമായിരുന്നു ആത്മഹത്യ. കുത്തേറ്റ യുവതിയും ഡ്രൈവറും കാറിന് പുറത്തേക്ക് ചാടിയതിനാൽ രക്ഷപ്പെട്ടു. കഴിഞ്ഞ 6 വർഷമായി അടുപ്പത്തിലായിരുന്ന പെൺസുഹൃത്തുമായി വഴക്കിട്ട യുവാവാണ് നടുറോഡിൽ കാർ സ്ഫോടനത്തിലൂടെ തകർത്ത് ജീവനൊടുക്കിയത്. ബെംഗളൂരുവിനും അങ്കോളയ്ക്കും മധ്യേയായിരുന്നു സംഭവം.
കഴിഞ്ഞ ദിവസങ്ങളിലെ വഴക്കിനൊടുവിൽ രാവിലെ കാബ് വിളിച്ചെത്തിയ നാഗേന്ദ്ര നിർബന്ധിച്ച് തന്നെ കയറ്റി കൊണ്ടുപോകുകയായിരുന്നു എന്ന് പരിക്കുകളോടെ രക്ഷപ്പെട്ട രമ്യ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. കാറിനുള്ളിൽ വച്ചും ഭീഷണി തുടർന്ന നാഗേന്ദ്ര ഒടുവിൽ കൈവശം കരുതിയിരുന്ന കത്തിയെടുത്ത് രമ്യയെ കുത്തുകയായിരുന്നു. നെറ്റിയിലും കയ്യിലും കുത്തേറ്റ രമ്യ കാറിന് പുറത്തേക്ക് ചാടി. ഇതോടെ വാഹനം നിർത്തി ഡ്രൈവറും പുറത്തിറങ്ങി. ഇതിനു പിന്നാലെയാണ് കൈവശം കരുതിയിരുന്ന പെട്രോൾ ബോംബ് പൊട്ടിച്ച് നാഗേന്ദ്ര ജീവനൊടുക്കിയത്. കാർ പൂർണമായും കത്തിനശിച്ചു.
പൊലീസിന്റെ പ്രാഥമിക വിവരമനുസരിച്ച്, കഴിഞ്ഞ ആറുവർഷമായി പരിചയത്തിലായിരുന്ന ഇരുവരും അടുത്തിടെ അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് അകന്നിരുന്നു. നാഗേന്ദ്രയുടെ പെരുമാറ്റത്തിൽ അസ്വസ്ഥത തോന്നിയതിനെ തുടർന്ന് രമ്യ അകലം പാലിക്കുകയും അദ്ദേഹത്തിന്റെ ഫോൺ നമ്പർ ബ്ലോക്ക് ചെയ്യുകയും ചെയ്തിരുന്നുവെന്നാണ് അന്വേഷണത്തിൽ ലഭിച്ച വിവരം.
ബെംഗളൂരുവിലെ സഞ്ജയ് ഗാന്ധി ആശുപത്രിയിൽ ഓപ്പറേഷൻ തിയേറ്റർ ജീവനക്കാരിയായ രമ്യയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. സംഭവത്തിന്റെ എല്ലാ സാഹചര്യങ്ങളും പരിശോധിച്ച് വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.


















































