തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി വിവാദങ്ങൾ മൈൻഡ് ചെയ്യാതെ സർക്കാർ മുന്നോട്ട്. വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി കുറച്ചത് ഉൾപ്പെടുത്തി ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു. ജൂലൈ ഒന്നിന് ബില്ല് നിയമസഭയിൽ അവതരിപ്പിക്കും.
അതേസമയം ബിൽ പാസായാലും വില്പനയ്ക്ക് അനുമതി നൽകില്ലെന്നാണ് സർക്കാരിൻറെ അവകാശവാദം. പുതിയ ഇനം മദ്യം വിപണിയിൽ എത്തിക്കണമെങ്കിൽ എക്സൈസിൻ്റെ അനുമതി ആവശ്യമാണെന്നും സർക്കാർ പറയുന്നു. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ ഘടക കക്ഷികളുമായി മുഖ്യമന്ത്രി ആശയ വിനിമയം നടത്തും. മുസ്ലീം ലീഗടക്കം ഘടകകക്ഷികൾ എതിർപ്പുയർത്തിയതിനെ തുടർന്നാണ് കൂടുതൽ ചർച്ചകളിലേക്ക് സർക്കാർ കടക്കുന്നതെന്നാണ് അറിയുന്നത്.
അതേസമയം നികുതി ഘടന ഉടൻ മാറ്റേണ്ടെന്ന അഭിപ്രായമാണ് നിലവിൽ മുഖ്യമന്ത്രി വി ഡി സതീശനുള്ളത്. അതിനിടെ, വിവാദ മദ്യനയത്തിൽ മുഖ്യമന്ത്രി വിഡി സതീശനെതിരെ മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി മുൻ അധ്യക്ഷനുമായ വിഎം സുധീരൻ തുറന്നടിച്ച് രംഗത്തെത്തിയത് സർക്കാരിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്. വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി കുറച്ചത് പിൻവലിക്കണമെന്നും ധനബില്ലിൽ നികുതി ഘടന പാടില്ലെന്നും സുധീരൻ തുടർച്ചയായി ആവശ്യപ്പെട്ടിരുന്നു. എന്നാൽ കെ മുരളീധരൻ അടക്കമുള്ളവർ മുഖ്യമന്ത്രിക്ക് അനുകൂലമായ നിലപാടെടുക്കുകയായിരുന്നു. ഒറ്റയടിക്ക് നിർത്തിയാൽ മദ്യ ദുരന്തമായിരിക്കും ഫലമെന്നാണ് മുരളീധരൻ പറയുന്നത്.

















































