ഇസ്ലാമാബാദ്: മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷൊയ്ബ് അക്തറിന്റെ സഹോദരൻ ഷാഹിദ് അക്തറിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്തവരിൽ ലഷ്കർ-ഇ-ത്വയ്ബ (LeT) നേതാക്കളുമെന്ന് റിപ്പോർട്ട്. ജൂൺ 24ന് അന്തരിച്ച ഷാഹിദ് അക്തറിന്റെ സംസ്കാരം ഇസ്ലാമാബാദിലെ H-8 ശ്മശാനത്തിൽ നടന്നപ്പോൾ, ചടങ്ങിൽ പങ്കെടുത്തവരിൽ ഭീകര സംഘടനയായ ലഷ്കറിന്റെ ഉന്നത നേതാക്കൾ ഉണ്ടായിരുന്നുവെന്നത് അന്താരാഷ്ട്ര തലത്തിൽ തന്നെ വലിയ വിവാദത്തിന് ഇടയാക്കി. സംഭവം സംബന്ധിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ, ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ ആശങ്ക ഉയർന്നിരിക്കുകയാണ്.
വീഡിയോയിൽ ലഷ്കർ-ഇ-ത്വയ്ബയുടെ ഡെപ്യൂട്ടി ചീഫും ഹൽഗാം ഭീകരാക്രമണത്തിൻറെ സൂത്രധാരനുമായ സെയ്ഫുള്ള കസൂരി ഉൾപ്പെടെയുള്ള ഭീകരരും പാക്കിസ്ഥാൻ മാർകസി മുസ്ലിം ലീഗ് (PMML) പ്രസിഡന്റ് ഇനാം ഉർ റഹ്മാനും പങ്കെടുത്തതായി കാണാം. ലഷ്കറിന്റെ രാഷ്ട്രീയ മുഖമായി കണക്കാക്കപ്പെടുന്ന PMML, നിരോധനങ്ങൾ മറികടക്കാൻ രൂപീകരിച്ചതാണെന്ന് വിലയിരുത്തപ്പെടുന്നു. ഐക്യരാഷ്ട്രസഭ ഭീകരനായി പ്രഖ്യാപിച്ച ഹാഫിസ് സയീദിന്റെ നേതൃത്വത്തിലാണ് ഈ സംഘടന രൂപം കൊണ്ടതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ജമാ അത്-ഉദ്-ദവ (JuD), മില്ലി മുസ്ലിം ലീഗ് (MML) തുടങ്ങിയ സംഘടനകൾക്ക് മേൽ നിരോധനങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിൽ, അവയുടെ പ്രവർത്തനം തുടർന്നുകൊണ്ടുപോകാൻ PMML ഉപയോഗിച്ചുവെന്നാണ് വിലയിരുത്തൽ. 2024ലെ പാകിസ്ഥാൻ പൊതുതെരഞ്ഞെടുപ്പിലും PMML പങ്കെടുത്തിരുന്നു.
അതേസമയം ലഷ്കർ-ഇ-ത്വയ്ബ ഇന്ത്യയിൽ നടത്തിയ നിരവധി ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട സംഘടനയാണ്. പ്രത്യേകിച്ച് 26/11 മുംബൈ ആക്രമണവും പഹൽഗാം ആക്രമണവും ഉൾപ്പെടെ നിരവധി രക്തസാക്ഷി സംഭവങ്ങളിൽ ഈ സംഘടനയുടെ പങ്ക് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം സംഘടനകളുടെ നേതാക്കൾ ഒരു പൊതുചടങ്ങിൽ തുറന്നു പങ്കെടുക്കുന്നത് പാക്കിസ്ഥാന്റെ ഭീകരസംഘടനകളോടുള്ള സമീപനത്തെക്കുറിച്ച് വീണ്ടും ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ഭീകരസംഘടനകൾക്ക് രാജ്യത്തിനകത്ത് സ്വാധീനമുണ്ടെന്നും, അവരെ നിയന്ത്രിക്കുന്നതിൽ പാക്കിസ്ഥാൻ പരാജയപ്പെട്ടിരിക്കുകയാണെന്നും അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നു.
സൈഫുള്ള കാസുരി ഇന്ത്യക്കെതിരെ കടുത്ത പ്രചാരണവും ഭീഷണികളും ഉയർത്തുന്ന വ്യക്തിയായി അറിയപ്പെടുന്നു. പഹൽഗാം ആക്രമണത്തിന് പിന്നാലെ നടത്തിയ പ്രസംഗങ്ങളിലൂടെ വീണ്ടും ശ്രദ്ധയിൽപ്പെട്ട അദ്ദേഹം, ഇന്ത്യക്കെതിരെ വീണ്ടും 26/11 മാതൃകയിലുള്ള ആക്രമണം നടത്താനാകുമെന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയിരുന്നു. അടുത്തിടെ പുറത്തുവന്ന ഒരു വീഡിയോയിൽ കര, വായു, സമുദ്ര മാർഗങ്ങളിലൊന്നിലും ഇന്ത്യയ്ക്ക് സുരക്ഷയില്ലെന്നു പറഞ്ഞ് ഭീഷണി മുഴക്കുകയും ചെയ്തു. ഇന്ത്യ ഇൻഡസ് വാട്ടേഴ്സ് ഉടമ്പടി സസ്പെൻഡ് ചെയ്ത നടപടിയെ “വാട്ടർ ടെററിസം” എന്ന് വിശേഷിപ്പിച്ച അദ്ദേഹം, കാശ്മീരിലെ സമ്മർദ്ദങ്ങൾക്ക് മറുപടിയായി മറ്റു മേഖലകളിൽ അസ്ഥിരത സൃഷ്ടിക്കുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
കൂടാതെ, പാക്കിസ്ഥാൻ സൈന്യവും ഭീകരസംഘടനകളും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്ന തരത്തിലുള്ള പരാമർശങ്ങളും കാസുരി നടത്തിയിട്ടുണ്ട്. സൈന്യം തനിക്കു ചടങ്ങുകളിലേക്ക് ക്ഷണം നൽകുന്നുണ്ടെന്നും, സൈനികരുടെ സംസ്കാരച്ചടങ്ങുകളിൽ പ്രാർത്ഥന നയിക്കാൻ തനിക്ക് അവസരം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം ഒരു വീഡിയോയിൽ പറഞ്ഞതായി റിപ്പോർട്ടുകൾ പറയുന്നു. ഈ പരാമർശങ്ങൾ പാക് സൈന്യത്തിന്റെ ഭീകരസംഘടനകളോടുള്ള സമീപനം സംബന്ധിച്ച വിവാദം കൂടുതൽ ശക്തമാക്കുന്നവയാണെന്ന് വിലയിരുത്തപ്പെടുന്നു.
പഹൽഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യ ശക്തമായ നിലപാടുകളാണ് കൈക്കൊണ്ടത്. ഇൻഡസ് വാട്ടേഴ്സ് ഉടമ്പടി സസ്പെൻഡ് ചെയ്യുകയും “ഓപ്പറേഷൻ സിന്ദൂർ” എന്ന സൈനിക നടപടി വഴി മുരിദ്കെയിലെ ലഷ്കർ ആസ്ഥാനം ഉൾപ്പെടെ നിരവധി ഭീകര ക്യാമ്പുകൾ തകർക്കുകയും ചെയ്തതായി ഇന്ത്യ അവകാശപ്പെട്ടു. ഈ നടപടികൾ ഭീകരസംഘടനകളെ താൽക്കാലികമായി ബാധിച്ചെങ്കിലും, അവ വീണ്ടും പുനർനിർമ്മാണ ശ്രമങ്ങളിൽ ഏർപ്പെട്ടിരിക്കുന്നുവെന്നതാണ് പുതിയ ഇന്റലിജൻസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതോടെ, പ്രദേശത്തെ സുരക്ഷാ സാഹചര്യം വീണ്ടും ആശങ്കാജനകമാകുന്നതായി വിലയിരുത്തപ്പെടുന്നു.


















































