ഭോപ്പാൽ: ഉജ്ജയിനിൽ പ്രണയം നിരസിച്ചതിന്റെ പേരിൽ 19 കാരിയെ യുവാവ് ഗുരുതരമായി കുത്തിപ്പരുക്കേൽപ്പിച്ചു. തൻരെ പ്രണയം നിരസിച്ചതിന്റെ പ്രതികാരമായി പതിനാല് തവണയാണ് ഇയാൾ പെൺകുട്ടിയെ കുത്തിയത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. ബാപ്പു നഗറിൽ നിന്നുള്ള ഒന്നാംവർഷ ബിഎ വിദ്യാർത്ഥിനിയായ പൂജ ഏലിയാസ് ഗുംഗണാണ് കുത്തേറ്റത്. 21 കാരനായ പ്രതി സുനിൽ ജറോലിയയെ പോലീസ് അറസ്റ്റ് ചെയ്തു.
പെൺകുട്ടി പഠനത്തിന് പുറമേ ദവാ ബസാറിലെ ഒരു ഫാർമസിയിൽ കമ്പ്യൂട്ടർ ഓപ്പറേറ്ററായി ജോലി ചെയ്ത് വരികയായിരുന്നു. വെള്ളിയാഴ്ച ഉച്ചക്ക് 12.45ഓടെ ജോലിക്ക് പോകുന്നതിനിടെ പെൺകുട്ടിയെ പ്രതി തടഞ്ഞ് നിർത്തി. തുടർന്ന് പെൺകുട്ടിയോട് ഇയാൾ സംസാരിക്കാൻ ശ്രമിച്ചെങ്കിലും പെൺകുട്ടി വഴങ്ങാതെ വന്നതോടെ കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. 47 സെക്കന്റിൽ 14 തവണയാണ് ഇയാൾ പെൺകുട്ടിയെ കുത്തിയത്. വയറിലും കഴുത്തിലും കയ്യിലും ഗുരുതരമായി പരുക്കേറ്റ പെൺകുട്ടിയെ ആദ്യം ജില്ലാ ആശുപത്രിയിലേക്കും തുടർന്ന് പടിദാർ ആശുപത്രിയിലേക്കും മാറ്റി.
അതേസമയം പൂജ കഴിഞ്ഞ നാല് വർഷം തന്റെ ഇൻസ്റ്റഗ്രാം സുഹൃത്തായിരുന്നെന്നാണ് പ്രതി പോലീസിൽ നൽകിയിരിക്കുന്ന മൊഴി. പൂജയുടെ മാതാവ് ബന്ധത്തെ എതിർത്തു. ഇതോടെ താൻ വിളിച്ചാൽ അവൾ ഫോൺ എടുക്കാതായി എന്നും പ്രതി പോലീസിനോട് പറഞ്ഞിരുന്നു. എന്നാൽ പ്രതി നേരത്തേ തന്നെ പെൺകുട്ടിയെ ശല്യം ചെയ്യാറുണ്ടായിരുന്നുവെന്നാണ് ഉജ്ജയിൻ പോലീസ് സൂപ്രണ്ട് പ്രദീപ് ശർമ പറഞ്ഞു. സംസാരിക്കാൻ ശ്രമിക്കുമ്പോഴൊക്കെ കുട്ടി ഒഴിഞ്ഞുമാറിയിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.


















































