കോഴിക്കോട്: താമരശ്ശേരിയിലെ രണ്ടു സ്കൂളുകളിലെ മൂന്നു വിദ്യാർഥികളെ ദുരൂഹത സാഹചര്യത്തിൽ കാണാതായി. ആദ്യം പത്താം ക്ലാസ് വിദ്യാർഥിനിയെയും പ്ലസ് ടു വിദ്യാർഥിയായ കൂട്ടുകാരനെയും കാണാതായതായി പരാതി ലഭിച്ചിരുന്നെങ്കിലും പിന്നീട് മറ്റൊരു സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയേയും കാണാതാവുകയായിരുന്നു. സുഹൃത്തുക്കളായ മൂന്നുപേരേയും വ്യാഴാഴ്ച മുതലാണ് കാണാതായത്. ഇതുമായി ബന്ധപ്പെട്ട് മൂന്നു പേരുടെയും മാതാപിതാക്കളുടെ പരാതിയിൽ താമരശ്ശേരി പോലീസ് പ്രത്യേകം കേസുകളെടുത്ത് തിരച്ചിൽ ആരംഭിച്ചു.
അതേസമയം പത്താം ക്ലാസുകാരി പെൺകുട്ടി പതിവുപോലെ സ്കൂളിലേക്കെന്നു പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്. എന്നാൽ ക്ലാസ് തുടങ്ങിയിട്ടും പെൺകുട്ടിയെ കാണാതായതോടെ അധ്യാപിക വീട്ടിൽ വിളിച്ച് അന്വേഷിക്കുകയായിരുന്നു. അതോടെയാണ് കുട്ടിയെ കാണാതായ വിവരം പുറത്തായത്. തുടർന്ന് നടത്തിയ തെരച്ചിലിൽ പെൺകുട്ടിയുടെ യൂണിഫോം സ്കൂളിനു സമീപത്തെ റബർ തോട്ടത്തോടു ചേർന്നുള്ള പറമ്പിൽ കണ്ടെത്തി. പിന്നീടാണു പെൺകുട്ടിയുടെ സുഹൃത്തായ ഇതേ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയെയും കൂടി കാണാതായെന്ന വിവരം പുറത്തു വന്നത്. കൂടെ ഇയാളുടെ ഉറ്റ സുഹൃത്തിനെയും കാണാതായി. ഇരുവരുടെയും ഇരുചക്രവാഹനവും സഹിതമാണു കാണാതായതെന്ന് പിന്നീട് അന്വേഷണത്തിൽ വ്യക്തമായി.
മൂവരും പറമ്പിൽ നിൽക്കുന്നതു സമീപത്തെ റബർ തോട്ടത്തിലെ തൊഴിലാളി കണ്ടിരുന്നു. അസ്വാഭാവികമായി മൂവരെയും ശ്രദ്ധിച്ച ഇയാൾ ഇവരുടെ ചിത്രം പകർത്തിയിരുന്നു. കുട്ടികളെ കാണാതായെന്ന വിവരം പുറത്തായതോടെ ഈ ഫോട്ടോകൾ ഇയാൾ സ്കൂൾ അധികൃതർക്ക് കൈമാറി. ഇതിൽ നിന്നാണ് പെൺകുട്ടിയുടെ ഒപ്പമുള്ളവരുടെ വിവരം ലഭിച്ചത്. കൂടാതെ ഇരുചക്രവാഹനങ്ങളുടെ നമ്പറും സിസിടിവിയിൽ നിന്ന് പോലീസിനു ലഭിച്ചിട്ടുണ്ട്.
പെൺകുട്ടിയും കൂട്ടുകാരനും ഒരു ബൈക്കിലും സുഹൃത്ത് ഒരു സ്കൂട്ടറിലുമായി താമരശ്ശേരിയിലൂടെ കടന്നുപോകുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറകളിൽ പതിഞ്ഞു. ഇരുചക്രവാഹനങ്ങൾ ലക്കിടി ചുരം കടന്നു പോയതായി പോലീസിന്റെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിലും സ്ഥിരീകരിച്ചു. മൂവരും ബത്തേരി –മുത്തങ്ങ വഴി അതിർത്തി വഴി കർണാടകയിലേക്ക് കടന്നതായാണ് വിവരം.
അതേസമയം കാണാതായവരിൽ ഒരു ആൺകുട്ടി കയ്യിലിരുന്ന 18,000 രൂപ വരുന്ന സ്മാർട്ഫോൺ 10,000 രൂപയ്ക്ക് താമരശ്ശേരിയിലെ ഒരു കടയിൽ വിറ്റതായും പോലീസ് കണ്ടെത്തി. കൂടാതെ മറ്റു രണ്ടു പേരുടെയും പക്കലുള്ള ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത് തെളിവുകൾ ഒഴിവാക്കിയാണ് മൂവരും കടന്നത്. സൈബർ സെല്ലിന്റെ സഹായത്തോടെയും കർണാടക പോലീസുമായി ബന്ധപ്പെട്ടും അന്വേഷണം നടത്തുന്നതോടൊപ്പം കാണാതായ വിദ്യാർഥികളെ തേടി പോലീസും വീട്ടുകാരും മൈസൂരുവിലും പരിസരപ്രദേശങ്ങളിലും തെരച്ചിൽ നടത്തിവരികയാണ്.
















































