ഹരിപ്പാട്: സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയംവെച്ച സ്വർണം തിരികെ നൽകാമെന്ന് വിശ്വസിപ്പിച്ച് വിളിച്ചുവരുത്തിയ ശേഷം കണ്ണിൽ മുളകുപൊടി വിതറി 28 ലക്ഷം രൂപയും സ്വർണവും കവർന്ന കേസിൽ മൂന്ന് പേരെ പൊലീസ് പത്ത് മിനിറ്റിനുള്ളിൽ പിടികൂടി. മീനച്ചിൽ കിടങ്ങൂർ സ്വദേശി ശ്രീജിത്ത് ബെന്നി (27), കഞ്ഞിക്കുഴി സ്വദേശി അരവിന്ദ് (27), കോട്ടയം കടപ്പൂർ സ്വദേശി അനീഷ് ജെയിംസ് (22) എന്നിവരെയാണ് തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്ന് 28,23,800 രൂപയും 22 ഗ്രാം സ്വർണവും കണ്ടെടുത്തു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ആറാട്ടുപുഴ ബസ് സ്റ്റാൻഡിന് സമീപമായിരുന്നു സംഭവം. നിലവിൽ വണ്ടാനത്ത് താമസിക്കുന്ന നസറുൽ ഇസ്ലാമിനെ (52) സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പണയംവെച്ച സ്വർണാഭരണങ്ങൾ തിരികെ എടുക്കാനുണ്ടെന്ന് പറഞ്ഞാണ് പ്രതികൾ വിളിച്ചുവരുത്തിയത്. വിശ്വാസം തോന്നുന്നതിനായി പണയച്ചീട്ടിന്റെ ചിത്രവും നസറിന് അയച്ചുനൽകി.
ആലപ്പുഴയിൽ നിന്ന് സ്കൂട്ടറിൽ എത്തിയ നസറിനൊപ്പം ഒന്നാം പ്രതിയായ ശ്രീജിത്ത് യാത്രതിരിച്ചു. ആറാട്ടുപുഴ ബസ് സ്റ്റാൻഡിന് സമീപത്തെത്തിയപ്പോൾ അച്ഛനെ വിളിക്കാനുണ്ടെന്ന് പറഞ്ഞ് വാഹനം നിർത്തിച്ച ശേഷം ശ്രീജിത്ത് നാസറിന്റെ കണ്ണിൽ മുളകുപൊടി വിതറി. തുടർന്ന് സ്കൂട്ടറിന്റെ മുൻവശത്തുണ്ടായിരുന്ന പണവും സ്വർണവും അടങ്ങിയ ബാഗ് തട്ടിയെടുത്ത് ഓടി.
സമീപത്തെ ഇടറോഡിൽ സ്കൂട്ടറുമായി കാത്തുനിന്നിരുന്ന അരവിന്ദിന്റെയും അനീഷിന്റെയും അടുത്തെത്തിയ ശ്രീജിത്ത് ഇരുവരുമൊത്ത് രക്ഷപ്പെടുകയായിരുന്നു. എന്നാൽ ഒരു സ്കൂട്ടറിൽ മൂന്ന് പേർ സംശയാസ്പദമായി പോകുന്നതും കവർച്ച നടന്നതും നാട്ടുകാർ ഉടൻ പൊലീസിനെ അറിയിക്കുകയായിരുന്നു.
വിവരം ലഭിച്ചതോടെ തൃക്കുന്നപ്പുഴയുടെ വിവിധ ഭാഗങ്ങളിൽ പൊലീസ് പരിശോധന ശക്തമാക്കി. മതുക്കൽ ജംഗ്ഷന് സമീപത്ത് നടത്തിയ പരിശോധനയ്ക്കിടെയാണ് പ്രതികളെ സാഹസികമായി പിടികൂടിയത്. കവർന്നെടുത്ത മുഴുവൻ പണവും സ്വർണവും ഇവരിൽ നിന്ന് പൊലീസ് വീണ്ടെടുത്തു.
കോട്ടയം ജയിലിൽ കഴിയുന്നതിനിടെയാണ് പ്രതികൾ കവർച്ച ആസൂത്രണം ചെയ്തതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ജാമ്യത്തിലിറങ്ങിയ ശേഷം അരവിന്ദിന്റെ വീട്ടിൽ താമസിച്ചാണ് പദ്ധതി തയ്യാറാക്കിയത്.
അരവിന്ദിന് നസറിന് നൽകാനുള്ള പണമുണ്ടായിരുന്നു. അതിന്റെ പേരിൽ അരവിന്ദിന്റെ രണ്ട് സ്കൂട്ടറുകൾ നസർ കൈവശം വെച്ചിരുന്നു. ഈ പണം നൽകാമെന്ന വ്യാജേനയാണ് നസറിനെ വിളിച്ചുവരുത്തി കവർച്ച നടത്തിയത്.
പ്രതികൾക്കെതിരെ നേരത്തെയും നിരവധി കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. കാപ്പാ കേസ് പ്രതിയായ ശ്രീജിത്തിനെതിരെ രണ്ട് വധശ്രമക്കേസുകൾ ഉൾപ്പെടെ ആറ് കേസുകളുണ്ട്. അരവിന്ദ് വൈക്കം തുരുത്തിപ്പള്ളി ഭദ്രകാളി ക്ഷേത്രത്തിലെ വിഗ്രഹത്തിൽ നിന്ന് മാല മോഷ്ടിച്ച കേസിൽ പ്രതിയാണ്. അനീഷ് പ്രായപൂർത്തിയാകാത്ത പട്ടികജാതി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലും പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.


















































