കോഴിക്കോട്: ഡിവൈഎഫ്ഐ നേതാവിനെ സ്വകാര്യ ബസ് ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. ഡിവൈഎഫ്ഐ ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റി അംഗം മൃദുലിനാണ് അപകടത്തിൽ പരിക്കേറ്റത്. പരിക്കേറ്റ മൃദുലിനെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വടകര മടപ്പള്ളി കോളേജിന് സമീപത്തായിരുന്നു സംഭവം. തലശ്ശേരി–കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ‘ഡിടിഎസ് ക്ലാസിക്’ സ്വകാര്യ ബസാണ് മൃദുലിനെ ഇടിച്ചതെന്ന് പരാതിയിൽ പറയുന്നു.
സ്കൂൾ, കോളേജ് വിദ്യാർഥികളെ സ്വകാര്യ ബസുകളിൽ കയറ്റുന്നില്ലെന്നാരോപിച്ച് ഡിവൈഎഫ്ഐ പ്രതിഷേധം നടത്തിയിരുന്നു. കൂടാതെ ദേശീയപാതയുടെ സർവീസ് റോഡിലൂടെ ബസ് സർവീസ് നടത്താത്തത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നും ഡിവൈഎഫ്ഐ ആരോപിക്കുന്നു.
പ്രതിഷേധത്തിനിടെ വിദ്യാർഥികളെ ബസിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ബസ് മൃദുലിനെ ഇടിച്ചതെന്നാണ് ആരോപണം. അപകടത്തിന് പിന്നാലെ ബസിലുണ്ടായിരുന്ന ജീവനക്കാർ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടതായും പരാതിയിൽ പറയുന്നു.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡിവൈഎഫ്ഐ ഉന്നയിച്ച കൊലപാതകശ്രമ ആരോപണത്തിലും ബസ് ജീവനക്കാരുടെ പങ്കിലും അന്വേഷണം പുരോഗമിക്കുകയാണ്.
















































