കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ ഈ വർഷത്തെ വാർഷിക ജനറൽ ബോഡി യോഗം നാടകീയ സംഭവങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. പ്രസിഡന്റ് ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ഒന്നടങ്കം രാജിവെച്ചതോടെ സംഘടനയിൽ നിലനിന്നിരുന്ന ആഭ്യന്തര ഭിന്നതകൾ കൂടുതൽ വ്യക്തമായി.
അംഗങ്ങൾക്കിടയിൽ കഴിഞ്ഞ ഏതാനും ആഴ്ചകളായി തുടരുന്ന അഭിപ്രായവ്യത്യാസങ്ങളും തർക്കങ്ങളുമാണ് ഭരണസമിതിയെ രാജിയിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തൽ.
ഇതിനിടെ, ജനറൽ ബോഡി യോഗത്തിൽ മോഹൻലാൽ നടത്തിയ വികാരനിർഭരമായ പ്രസംഗം നടൻ വി.കെ. ശ്രീരാമൻ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. ഓർമയിൽ നിന്ന് എടുത്തെഴുതുന്നതായതിനാൽ വാക്കുകളിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ടായേക്കാമെങ്കിലും, മോഹൻലാൽ പറഞ്ഞതിന്റെ ആശയവും സാരവും അതേപടി തന്നെയാണെന്ന് അദ്ദേഹം കുറിച്ചു.
“മുപ്പത് വർഷങ്ങൾക്ക് മുമ്പ് ഇങ്ങനെ ഒരു സംഘടനയ്ക്ക് രൂപം കൊടുക്കാൻ ശ്രമിക്കുമ്പോൾ പ്രധാനമായും സിനിമയിലെ അഭിനേതാക്കളുടെ ജീവിതത്തിന് തുണയാവുന്ന ഒരു ചാരിറ്റബിൾ സ്ഥാപനത്തിന് രൂപം കൊടുക്കുക എന്നതായിരുന്നു ലക്ഷ്യം. കൂട്ടായ പരിശ്രമത്തിലൂടെ നമുക്ക് ആ ലക്ഷ്യത്തിലെത്താൻ ഏറെക്കുറെ സാധിച്ചിട്ടുണ്ട്. ജീവിതം മുന്നോട്ടു കൊണ്ടുപോകാനാവാതെ വീണുപോയ നിരവധി പേരുണ്ട് നമ്മുടെ കൂട്ടത്തിൽ, അവരെ സഹായിക്കുക എന്നതാണ് സംഘടനയുടെ പ്രധാന ലക്ഷ്യം. അതിന് നമുക്ക് ആവുന്നുണ്ട് ഇപ്പോൾ. മറ്റ് ഭാഷകളിലൊന്നും സമാനമായ സംഘടനയില്ല. ഞാൻ തന്നെ അഭിനയിച്ച ചില സിനിമകൾ ഇപ്പോൾ കാണുമ്പോൾ കണ്ണുനിറയാറുണ്ട്, കാരണം പല സീനുകളിലും കൂടെ അഭിനയിച്ചവരൊന്നും ഇപ്പോൾ നമ്മോടൊപ്പം ഇല്ല. നാം ആത്മവിമർശനത്തിന് തയ്യാറാവണം. സ്വയം തിരുത്താനും കൂടുതൽ നല്ല മനുഷ്യരാവാനും നമുക്കു കഴിയണം“. ഈ വാക്കുകൾ ഓർമ്മയിൽ നിന്ന് എടുത്തെഴുതിയതാണ്. വാക്കുകൾ മാറിപ്പോയിട്ടുണ്ടാവാം. പക്ഷെ, പൊരുളിതാണ്. ആകയാലും പ്രിയരേ സുപ്രഭാതം; വി.കെ. ശ്രീരാമൻ കുറിച്ചു.
അതേസമയം ഭരണസമിതിയുടെ കൂട്ടരാജിയെത്തുടര്‍ന്ന് രൂപീകരിച്ച അഡ്ഹോക്ക് കമ്മിറ്റിയില്‍ നിന്നും ഒരു അംഗം രാജി വച്ചു. നടി ആശ അരവിന്ദ് ആയിരുന്നു രാജി വച്ചത്. രാജി വച്ചൊഴിഞ്ഞ ഭരണസമിതിയില്‍ എക്സിക്യൂട്ടീവ് അംഗമായിരുന്ന ആശ അരവിന്ദിനെ അവരുടെ പ്രവര്‍ത്തന പരിചയം മുന്‍നിര്‍ത്തി ആയിരുന്നു അഡ്ഹോക്ക് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്.














































