ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മെഹ്‌റോളിയില്‍ തെരുവില്‍ കഴിഞ്ഞിരുന്ന 11 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഗുരുഗ്രാമിലെ വനമേഖലയില്‍ എത്തിച്ചാണ് ക്രൂരത. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബത്തോടൊപ്പം നടപ്പാതയില്‍ ഉറങ്ങുകയായിരുന്ന കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയത്.
പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതായി കണ്ടെത്തി. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ വിവരം പുറത്തായത്.
ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം ഡല്‍ഹി-ഗുരുഗ്രാം അതിര്‍ത്തിക്കു സമീപം വനമേഖലയില്‍ കണ്ടെത്തിയത്. ബിഹാര്‍ സ്വദേശികളാണ് കുട്ടിയുടെ കുടുംബം. ഒരു വാടകവീട്ടിലായിരുന്നു നേരത്തെ താമസിച്ചിരുന്നത്. കൂലിപ്പണിക്കാരായ രക്ഷിതാക്കള്‍ക്ക് വരുമാനം കുറഞ്ഞതോടെ തെരുവില്‍ കഴിയേണ്ടിവരികയായിരുന്നു.













































