ന്യൂഡൽഹി: ടിക്കറ്റില്ലാതെ ട്രെയിനുകളിൽ യാത്ര ചെയ്യുന്നവരിൽ നിന്ന് ഈടാക്കുന്ന മിനിമം പിഴ 250 ൽ നിന്ന് 500 രൂപയാക്കി ഉയർത്തി ഇന്ത്യൻ റെയിൽവേ. അനധികൃതവും ടിക്കറ്റില്ലാതെയുള്ളതുമായ യാത്രകൾ തടയുന്നതിനും ട്രെയിൻ സർവീസുകൾ സുഗമമായി നടത്തുന്നതിനുമായി ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്ന യാത്രക്കാർക്കുള്ള പിഴത്തുക ഉയർത്തിയതെന്നാണ് റെയിൽവേയുടെ വിശദീകരണം.
‘ജൻ വിശ്വാസ് ആക്ട്, 2026’-ലെ വ്യവസ്ഥകൾ പ്രകാരം, 1989-ലെ റെയിൽവേ ആക്ടിലെ 137, 138 വകുപ്പുകൾ പ്രകാരമുള്ള ഏറ്റവും കുറഞ്ഞ പിഴ തുക ജൂൺ 20 മുതൽ 500 രൂപയായി ഉയർത്തിയതായി റെയിൽവേ എക്‌സിലൂടെ അറിയിച്ചു. പിഴ നടപടികൾ ഒഴിവാക്കുന്നതിനായി യാത്രക്കാർ സാധുവായ ടിക്കറ്റുകളുമായി യാത്ര ചെയ്യണമെന്നും റെയിൽവേ നിയമങ്ങൾ പാലിക്കണമെന്നും റെയിൽവേ അഭ്യർത്ഥിച്ചു.
അതുപോലെ ശരിയായ ട്രെയിൻ, ശരിയായ ക്ലാസ്, ശരിയായ കോച്ച് എന്നിവയിൽ സാധുവായ ടിക്കറ്റോടെ മാത്രം യാത്ര ചെയ്യാൻ ഇന്ത്യൻ റെയിൽവേ യാത്രക്കാരോട് ആവശ്യപ്പെട്ടു. അതേസമയം കഴിഞ്ഞ മെയ് മാസത്തിൽ മാത്രം ടിക്കറ്റില്ലാതെ യാത്ര ചെയ്ത 4.96 ലക്ഷം ആളുകളിൽ നിന്നായി 40.85 കോടി രൂപയാണ് സെൻട്രൽ റെയിൽവേ സോൺ പിഴയായി ഈടാക്കിയത്.















































