റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഡിജിറ്റല്‍ സര്‍വീസ് വിഭാഗമായ ജിയോ പ്ലാറ്റ്ഫോംസ് പ്രാഥമിക ഓഹരി വില്‍പ്പനയ്ക്കായുള്ള കരട് രേഖകള്‍ ഇന്ന് വിപണി നിയന്ത്രണ ഏജന്‍സിയായ സെബിക്ക് സമര്‍പ്പിക്കും. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ 49ാമത് വാര്‍ഷിക പൊതുയോഗത്തിലാണ് കമ്പനി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.
വിപണി വിദഗ്ധരുടെ വിലയിരുത്തല്‍ അനുസരിച്ച്, 130 മുതല്‍ 180 ബില്യണ്‍ ഡോളര്‍ വരെ മൂല്യത്തിലാണ് ജിയോ പ്ലാറ്റ്ഫോംസ് വിപണിയിലേക്ക് എത്തുന്നത്. അങ്ങനെയാണെങ്കില്‍ ഇന്ത്യന്‍ ഓഹരി വിപണി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഐപിഒ ആയിരിക്കും ഇത്.
‘ജിയോ പ്ലാറ്റ്ഫോംസിന്റെ ബോര്‍ഡ് ഇന്ന് രാവിലെ ഐപിഒയുടെ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസിന്’ അംഗീകാരം നല്‍കിയിട്ടുണ്ട്. ഇത് ഇന്ന് തന്നെ സെബിയുടെ മുന്‍പാകെ സമര്‍പ്പിക്കുക്കും,’ വാര്‍ഷിക പൊതുയോഗത്തില്‍ മുകേഷ് അംബാനി പറഞ്ഞു.
ജിയോ പ്ലാറ്റ്ഫോംസ് ലിമിറ്റഡിന്റെ പെയ്ഡ്-അപ്പ് ഇക്വിറ്റി ഷെയര്‍ ക്യാപിറ്റലിന്റെ 66.43 ശതമാനം ഓഹരികളും റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ കൈവശമാണുള്ളത്. ബാക്കിയുള്ള 33.57 ശതമാനം ഓഹരികളില്‍ 17.71 ശതമാനവും ആഗോള സാങ്കേതിക ഭീമന്മാരായ മെറ്റാ, ഗൂഗിള്‍ എന്നിവരുടെ പക്കലാണ്.
ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് നല്‍കിയ ഔദ്യോഗിക വിവര പ്രകാരം, 10 രൂപ മുഖവിലയുള്ള 27 കോടി (27,00,00,000) വരെയുള്ള പുതിയ ഇക്വിറ്റി ഓഹരികളാണ് ജിയോ വിപണിയില്‍ ഇറക്കുന്നത്. സെബിയുടെ നിബന്ധനകള്‍ക്ക് വിധേയമായി ‘ബുക്ക് ബില്‍ഡിംഗ്’ പ്രക്രിയയിലൂടെയായിരിക്കും ഓഹരികളുടെ വില നിശ്ചയിക്കുക. ആവശ്യമായ നിയന്ത്രണ അനുമതികള്‍ ലഭിക്കുന്ന മുറയ്ക്കായിരിക്കും ഐപിഒ നടപടികള്‍ പൂര്‍ത്തിയാവുക.
ആഗോളതലത്തില്‍ സാങ്കേതിക കമ്പനികള്‍ വന്‍തോതില്‍ ലിസ്റ്റിംഗിന് ഒരുങ്ങുന്ന സമയത്താണ് ജിയോയുടെയും വരവ്. യുഎസില്‍ എഐ കമ്പനികളായ ഓപ്പണ്‍എഐ, ആന്ത്രോപിക് എന്നിവയുടെ ലിസ്റ്റിംഗും, അടുത്തിടെ 75 ബില്യണ്‍ ഡോളറിന്റെ റെക്കോര്‍ഡ് ഐപിഒ പൂര്‍ത്തിയാക്കി 1.7 ട്രില്യണ്‍ ഡോളര്‍ മൂല്യം കൈവരിച്ച ഇലോണ്‍ മസ്‌കിന്റെ സ്പേസ് എക്സും ആഗോളതലത്തില്‍ ശ്രദ്ധനേടുന്നതിനിടയിലാണ് ജിയോയുടെ ഈ നീക്കം. ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നീ മേഖലകളിലുള്ള ആഗോള നിക്ഷേപകരുടെ വര്‍ദ്ധിച്ചുവരുന്ന താല്‍പര്യമാണ് ഇതില്‍ പ്രകടമാകുന്നത്.
















































