കൊച്ചി: കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചുള്ള യുഡിഎഫ് സർക്കാരിന്റെ പ്രിയദർശിനി പദ്ധതി റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജിയിൽ വിധി പറയാൻ മാറ്റി. പദ്ധതി രാഷ്ട്രീയ നേട്ടത്തിനുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനമെന്ന് ഹർജിക്കാരൻ വാദിച്ചപ്പോൾ സർക്കാർ വാക്കുപാലിച്ചത് കണ്ടുകൂടെയെന്നും പദ്ധതി നിർത്തണമെന്ന് എങ്ങനെയാണ് പറയുകയെന്നും ഹൈക്കോടതി ചോദിച്ചു.
അതേസമയം കർണാടകയിലും തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും പദ്ധതി നടപ്പാക്കിയെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഏഴ് സംസ്ഥാനങ്ങളിൽ സമാനമായി പദ്ധതി നടപ്പാക്കിയിട്ടുണ്ട്. സ്ത്രീ ശാക്തീകരണമാണ് പദ്ധതിയുടെ ലക്ഷ്യമെന്നും സർക്കാർ അറിയിച്ചു. തുടർന്ന് പാവപ്പെട്ടവർക്കല്ലേ പദ്ധതിയുടെ പ്രയോജനം ലഭിക്കുകയെന്ന് ചോദിച്ച കോടതി ഹർജി വിധി പറയാൻ മാറ്റിവച്ചു.
പദ്ധതി നടപ്പിലാക്കിയത് ശാസ്ത്രീയ പഠനമോ സാമ്പത്തിക ആഘാതമോ വിലയിരുത്താതെയാണ് എന്നാണ് ഹർജിക്കാരന്റെ വാദം. പദ്ധതി നടപ്പിലാക്കുന്നതിനാവശ്യമായ പൊതുജനാഭിപ്രായ രൂപീകരണവും നടത്തിയിട്ടില്ല. രാഷ്ട്രീയ നേട്ടത്തിനായുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനം അതേപടി നടപ്പിലാക്കി. ഇതുവഴി പ്രതിവർഷം ഏകദേശം 800 കോടി രൂപയാകും സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക ബാധ്യതയെന്നും ഇത് താങ്ങാൻ പറ്റാത്ത ഭാരമാകുമെന്നുമാണ് ഹർജിക്കാരൻ ഉന്നയിക്കുന്നത്.
കൂടാതെ പുരുഷന്മാരെയും സ്ത്രീകളെയും കേവലം ലിംഗത്തിന്റെ അടിസ്ഥാനത്തിൽ മാത്രം വേർതിരിക്കുന്നത് വിവേചനപരമാണെന്നും പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്നും ഹർജിയിൽ ആരോപണമുണ്ട്. പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ഭരണഘടനാവിരുദ്ധമായി നടപ്പിലാക്കുന്ന പദ്ധതി റദ്ദാക്കണമെന്നും കേസ് തീർപ്പാകുന്നത് വരെ പദ്ധതിയുടെ തുടർനടപടികൾ സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
















































