തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസിൽ പേരിനൊപ്പം എംഎൽഎ എന്ന വിശേഷണം അനധികൃതമായി കൂട്ടിച്ചേർത്തത് കെ.ബി. ഗണേഷ്‌കുമാർ ആവശ്യപ്പെട്ട പ്രകാരമെന്ന് കണ്ടെത്തൽ. 2023 ജൂലായിൽ ലൈസൻസ് പുതുക്കിയപ്പോഴും പിന്നാലെ 2024 നവംബറിൽ ഗതാഗതമന്ത്രി എന്ന് മേൽവിലാസം മാറ്റിയപ്പോഴും എംഎൽഎ എന്ന് ചേർക്കാൻ ആവശ്യപ്പെട്ടാണ് അപേക്ഷനൽകിയത്.
മാത്രമല്ല ഇതിലെ വിശദാംശങ്ങൾ പരിശോധിച്ച് കൃത്യമാണെന്ന് ഉറപ്പുവരുത്തി സത്യവാങ്മൂലവും അദ്ദേഹം നൽകിയിട്ടുണ്ട്. ആധാർ ഉൾപ്പെടെയുള്ള അംഗീകൃത തിരിച്ചറിയൽ കാർഡുകളിൽ ഉള്ളതുപോലെ വേണം ലൈസൻസിലെ പേര് എന്നിരിക്കെ മുൻ ഗതാഗതമന്ത്രികൂടിയായ ഗണേഷ്‌കുമാർ ഇത് ലംഘിച്ചത് ഏറെ വിവാദമായിരുന്നു.
അതേസമയം പത്രസമ്മേളനത്തിൽ ഇതേക്കുറിച്ച് ചോദ്യമുയർന്നപ്പോൾ താൻ അറിയാതെ മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർ എംഎൽഎ എന്ന് തനിയെ ചേർത്തതാണെന്നായിരുന്നു ഇതുവരെയുണ്ടായിരുന്ന മറുപടി. എന്നാല്ഡ അദ്ദേഹത്തിന്റെ ഈ വാദം പൊളിക്കുന്നതാണ് മോട്ടോർവാഹനവകുപ്പിന്റെ രേഖകൾ. എംഎൽഎ വിശേഷണത്തിൽ ഉദ്യോഗസ്ഥർക്ക് പങ്കില്ലെന്ന് സാരഥി സോഫ്റ്റ്വേറിൽ ഗണേഷ്‌കുമാർ സമർപ്പിച്ച സത്യവാങ്മൂലവും വ്യക്തമാക്കുന്നു.
അതുപോലെ ഡ്രൈവിങ് ലൈസൻസിൽ ഇത്തരം ക്രമക്കേടുകൾ കണ്ടെത്തിയാൽ അപേക്ഷകന് നോട്ടീസ് നൽകി വിശദീകരണം തേടി നടപടിയെടുക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ അവിടെയും എട്ടിന്റെ പണിയാണുള്ളത്. തിരുവനന്തപുരം ആർടി ഓഫീസിലാണ് ഗണേഷ്‌കുമാറിന്റെ ലൈസൻസ് രേഖകളുള്ളത്. മുൻ മന്ത്രിയുടെ ബുദ്ധികാരണം വിശദീകരണം ആവശ്യപ്പെട്ട് ആർടിഒ കത്തയച്ചാൽ ഇപ്പോഴത്തെ ഗതാഗതമന്ത്രി സി.പി. ജോണിനാണെത്തുക. കാരണം, തിരുവനന്തപുരം നഗരത്തിൽ സ്വന്തം വീടുണ്ടായിട്ടും ഗതാഗതമന്ത്രിയെന്ന സെക്രട്ടേറിയറ്റിലെ മേൽവിലാസമാണ് ഗണേഷ്‌കുമാറിന്റെ ലൈസൻസിലുള്ളത്. സ്ഥിരതാമസക്കാർക്ക് അതേസ്ഥലത്ത് താത്കാലിക മേൽവിലാസം കൂട്ടിച്ചേർക്കാൻ അനുവദിക്കരുതെന്നാണ് വ്യവസ്ഥ. പക്ഷെ ഇവിടെ അതും പാളി.
















































