കാൻസസ് സിറ്റി ∙ ലോകകപ്പിലെ ആദ്യ മത്സരത്തിൽ തന്നെ അർജന്റീന ആരാധകർക്ക് ആവേശവിരുന്നൊരുക്കി ലയണൽ മെസ്സി. അൾജീരിയക്കെതിരായ മത്സരത്തിൽ 3-1ന്റെ ജയമാണ് അർജന്റീന സ്വന്തമാക്കിയത്. ടീമിന്റെ മൂന്ന് ഗോളുകളും മെസ്സിയുടെ ബൂട്ടിൽ നിന്നെത്തിയതോടെ ആരാധകർ ആഘോഷത്തിലാണ്. ആറാം ലോകകപ്പിൽ കളിക്കുന്ന മെസ്സിയുടെ ലോകകപ്പ് കരിയറിലെ ആദ്യ ഹാട്രിക് കൂടിയാണിത്. ഈ പ്രകടനത്തോടെ ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരുടെ പട്ടികയിലും മെസ്സി ഒന്നാം സ്ഥാനത്തെത്തി.
അതേസമയം, മത്സരത്തിനിടെ നടന്ന ഒരു സംഭവത്തെ ചൊല്ലി വിവാദവും ഉയരുന്നുണ്ട്. അൾജീരിയൻ പ്രതിരോധ താരം ഐസ മാൻഡിയെ മെസ്സി അപകടകരമായി ഫൗൾ ചെയ്തിട്ടും റഫറി നടപടി സ്വീകരിച്ചില്ലെന്നാണ് വിമർശനം.
മത്സരത്തിന്റെ 17-ാം മിനിറ്റിൽ മെസ്സി അർജന്റീനയുടെ ആദ്യ ഗോൾ നേടിയതിന് പിന്നാലെയായിരുന്നു സംഭവം. പന്തിനായുള്ള പോരാട്ടത്തിനിടെ അൾജീരിയൻ ക്യാപ്റ്റൻ കൂടിയായ ഐസ മാൻഡിയുടെ കാലിന്റെ പിൻഭാഗത്ത് മെസ്സിയുടെ ബൂട്ടിന്റെ സ്റ്റഡ്സ് തട്ടുകയായിരുന്നു.
മത്സരം നിയന്ത്രിച്ച പോളിഷ് റഫറി ഷിമോൺ മാർസിനിയാക് അൾജീരിയയ്ക്ക് അനുകൂലമായി ഫ്രീകിക്ക് അനുവദിച്ചെങ്കിലും മെസ്സിക്ക് മഞ്ഞക്കാർഡ് പോലും കാണിച്ചില്ല. ഗുരുതര പരിക്കിന് സാധ്യതയുള്ള ഫൗളായതിനാൽ നേരിട്ട് റെഡ് കാർഡ് നൽകേണ്ട സാഹചര്യമുണ്ടായിരുന്നുവെന്നാണ് ഒരു വിഭാഗം ആരാധകരുടെയും വിദഗ്ധരുടെയും വിലയിരുത്തൽ.
വാർ പരിശോധന നടന്നിട്ടും മെസ്സിക്കെതിരെ നടപടിയൊന്നും ഉണ്ടായില്ലെന്നതാണ് കൂടുതൽ ചർച്ചകൾക്ക് വഴിവെച്ചത്. മെസ്സിയായതിനാലാണ് റഫറിമാർ കടുത്ത നടപടി ഒഴിവാക്കിയതെന്നാണ് സാമൂഹിക മാധ്യമങ്ങളിലെ വിമർശനം. ഇതേ സംഭവം മറ്റേതെങ്കിലും താരമാണ് നടത്തിയതെങ്കിൽ ചുവപ്പുകാർഡ് ഉറപ്പായിരുന്നുവെന്നും ചിലർ അഭിപ്രായപ്പെട്ടു.
അതേസമയം, സംഭവത്തിൽ ഔദ്യോഗികമായി ഫിഫയോ മത്സര അധികൃതരോ പ്രതികരിച്ചിട്ടില്ല. മെസ്സിയുടെ ഹാട്രിക് പ്രകടനത്തിനൊപ്പം ഈ വിവാദവും ലോകകപ്പ് വേദിയിൽ ചർച്ചയാകുകയാണ്.
Messi just got away with an absolutely DISGUSTING challenge to an Algeria defenders leg.
Red card or not?pic.twitter.com/2ZU2B5j4oH
— Banter FC (@FCBanter_) June 17, 2026

















































