വെല്ലൂർ: തമിഴ്നാട്ടിലെ വെല്ലൂരിൽ ആറുവയസുകാരന്റെ മരണത്തിൽ കുട്ടിയെ അമാവാസി ദിനത്തിൽ ബലികൊടുത്തതെന്ന സംശയവുമായി ബന്ധുക്കൾ. എന്നാൽ ഇതുവരെ അത്തരത്തിലുള്ള ആരോപണങ്ങൾക്ക് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കുന്നു. കുട്ടിയുടെ മുത്തശ്ശിയ്ക്കും പിതൃസഹോദരിക്കുമെതിരെയാണ് ആരോപണം. ഇരുവരും മന്ത്രവാദം ചെയ്ത് കുഞ്ഞിനെ നരബലി കൊടുത്തതാണ് എന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. മാതാപിതാക്കള്‍ തമ്മിലുളള ദാമ്പത്യ പ്രശ്‌നങ്ങള്‍ക്ക് കാരണം കുഞ്ഞാണെന്ന് ഇവർ ഉറച്ചു വിശ്വസിച്ചിരുന്നു.
മെൽപ്പട്ടി ഗ്രാമത്തിൽ (പെർണാംബുട്ടിന് സമീപം) അമ്മമ്മയുടെ വീട്ടിലാണ് മുകിലൻ എന്ന ആറുവയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാജേഷ്- ആശ ദമ്പതികളുടെ മകനാണ് മുകിലന്‍. സംഭവത്തെ തുടർന്ന് നാട്ടുകാരും ബന്ധുക്കളും വിവരം അറിയിച്ചതോടെ പോലീസ് സ്ഥലത്തെത്തി മൃതദേഹം ഗവണ്മെന്റ് ജില്ലാ ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റി. പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
പ്രാഥമിക അന്വേഷണത്തിൽ കുട്ടിയെ മുത്തശ്ശി മർദിച്ചതാകാമെന്നാണ് സൂചന. മതിലിൽ കയറാൻ ശ്രമിച്ച കുട്ടിയെ ശകാരിക്കുകയും തുടർന്ന് കോൽകൊണ്ട് അടിക്കുകയും ചെയ്തതായി ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. കുട്ടിയുടെ ശരീരത്തില്‍ പൊളളലേറ്റ പാടുകള്‍ ഉണ്ടായിരുന്നു. വിജയ ദുര്‍മന്ത്രവാദവും ആഭിചാരവും നടത്തിയിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചു. വീട്ടിലും പരിസരങ്ങളിലും ഇത്തരം അനുഷ്ഠാനങ്ങൾക്ക് ഉപയോഗിക്കുന്ന വസ്തുക്കൾ കണ്ടതായി നാട്ടുകാരും ബന്ധുക്കളും ആരോപിച്ചു. കൂടാതെ അടുത്തുള്ള കിണറ്റിൽ പൂജയ്ക്കുപയോഗിച്ച ചില സാമഗ്രികൾ ഉപേക്ഷിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. ഇതോടെ അമാവാസി ദിവസമായതിനാൽ കുട്ടിയെ നരബലി നൽകിയെന്ന സംശയം ചിലർ ഉയർത്തിയെങ്കിലും, അത്തരത്തിലുള്ള ആരോപണങ്ങൾക്ക് പിന്തുണയുള്ള തെളിവുകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.
രാജേഷിന്റെ സഹോദരി രേവതിയും ഇതേ ഗ്രാമത്തിലായിരുന്നു താമസം. രേവതിക്കും കുഞ്ഞിനോട് പകയുണ്ടായിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിച്ചു. രേവതിയെയും വിജയയെയും ചോദ്യംചെയ്യലിനായി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കുട്ടിയുടെ ശരീരത്തിൽ പരുക്കുകളുണ്ടായിരുന്നുവെന്നും തലക്ക് ഗുരുതരമായി ക്ഷതം സംഭവിച്ചിരുന്നുവെന്നും ബന്ധുക്കൾ ആരോപിക്കുന്നു. കുട്ടിയെ മർദിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് അവരുടെ ആരോപണം. അതേസമയം കുടുംബ പശ്ചാത്തലവും അന്വേഷണത്തിൽ ശ്രദ്ധേയമായി മാറിയിട്ടുണ്ട്. കുട്ടിയുടെ മാതാപിതാക്കളായ രാജേഷ്, ആശ എന്നിവർ കഴിഞ്ഞ അഞ്ച് വർഷമായി വേർപിരിഞ്ഞ നിലയിലായിരുന്നു. ഏകദേശം രണ്ട് മാസം മുമ്പാണ് അവർ വീണ്ടും ഒന്നിച്ചത്. ഈ കാലയളവിൽ കുട്ടി അമ്മമ്മയോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. ഏകദേശം 40 ദിവസം മുമ്പാണ് പിതാവിന്റെ അമ്മമ്മയുടെ വീട്ടിലേക്ക് മാറ്റിയത്. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. പോസ്റ്റ്മോർട്ടം റിപ്പോർട്ടും മറ്റ് ഫോറൻസിക് പരിശോധനാഫലങ്ങളും ലഭിച്ച ശേഷമേ മരണകാരണം വ്യക്തമായിരിക്കൂവെന്നും, അതനുസരിച്ച് കൂടുതൽ കേസുകൾ ചുമത്തുമെന്നും പോലീസ് അറിയിച്ചു.

















































