കാൻബറ / പഞ്ചാബ്: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ പോലീസ് വെടിവെപ്പിൽ 9 വയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് അന്വേഷണം ആവശ്യപ്പെട്ട് രംഗത്ത്. ഓസ്ട്രേലിയൻ പൗരത്വമുള്ള പാക്കിസ്ഥാൻ വംശജനായ ഹാനിയ അഹമ്മദ് ആണ് പോലീസ് വെടിവെപ്പിൽ മരിച്ചത്. കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാൻ എത്തിയപ്പോൾ നടന്ന സംഭവം അന്താരാഷ്ട്ര തലത്തിൽ വലിയ വിവാദമായി മാറി.
ജൂൺ 10-ന് ചക്‌വാൽ ജില്ലയിൽ വാടക കാറിൽ സഞ്ചരിക്കുമ്പോൾ ഹാനിയയേയും കുടുംബവത്തേയും ആയുധധാരികളായ രണ്ടുപേർ തടഞ്ഞുവെച്ചതായി പോലീസ് അറിയിച്ചു. സംഭവം അറിഞ്ഞ് പോലീസ് സംഘം സ്ഥലത്തെത്തിയപ്പോൾ പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചതോടെ വെടിവെപ്പ് ഉണ്ടായി. എന്നാൽ, രക്ഷപ്പെടുന്ന വാഹനം കള്ളന്മാരുടേതാണെന്ന് തെറ്റിദ്ധരിച്ച് പോലീസ് നടത്തിയ വെടിവെപ്പിലാണ് പെൺകുട്ടി കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്. കാറിലേക്ക് തുടരെത്തുടരെ വെടിയുതിർത്തതോടെ ഹാനിയയ്ക്ക് ഗുരുതരമായി പരുക്കേറ്റു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. കൂടാതെ പിതാവിനും സഹോദരനും പരുക്കേൽക്കുകയും ചെയ്തു.
ഓസ്ട്രേലിയയിലെ പെർത്ത് നഗരത്തിലെ ക്യൂഡെയിൽ സ്വദേശികളായ ആദിൽ അഹമ്മദ്, ഭാര്യ ഡോ. സിദ്ര ഖാൻ, മകൾ ഹാനിയ, മകൻ ആഫാൻ എന്നിവരുടെ കുടുംബത്തിനു നേരെയാണ് ആക്രമണമുണ്ടായത്. ഹജ് നിർവഹിച്ചതിന് പിന്നാലെ പാക്കിസ്ഥാനിൽ ബന്ധുക്കളെ സന്ദർശിക്കാൻ എത്തിയതായിരുന്നു. സംഭവസമയത്ത് ഇവർ ബന്ധുവീട്ടിലേക്ക് പോകുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
സംഭവത്തിൽ പങ്കെടുത്ത പോലീസുകാരനെ കസ്റ്റഡിയിൽ എടുത്ത് കൊലക്കുറ്റം ചുമത്തിയതായി പഞ്ചാബ് പോലീസ് അറിയിച്ചു. മറ്റ് ഉദ്യോഗസ്ഥർക്കെതിരെയും അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം, കവർച്ചയ്ക്ക് ശ്രമിച്ച മുഹമ്മദ് അബ്ബാസ്, മുഹമ്മദ് ഫയ്യാസ് എന്നിവരെ പിന്നീട് പോലീസ് ഏറ്റുമുട്ടലിൽ വധിച്ചതായും അധികൃതർ അറിയിച്ചു.
ഇതിനിടെ, പോലീസ് നടപടിയെതിരെ മനുഷ്യാവകാശ സംഘടനകളും ശക്തമായ വിമർശനവുമായി രംഗത്തെത്തി. പഞ്ചാബിൽ പ്രവർത്തിക്കുന്ന ക്രൈം കൺട്രോൾ ഡിപ്പാർട്ട്മെന്റ് (CCD) “സ്റ്റേജ്ഡ് എൻകൗണ്ടറുകൾ” വഴി നിയമവിരുദ്ധമായി ആളുകളെ കൊല്ലുന്നതായി ആരോപണം ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ ആയിരത്തിലധികം പേരെ ഇത്തരം സംഭവങ്ങളിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പാക്കിസ്ഥാൻ തെഹ്രീക്-ഇ- ഇൻസാഫ് നേതാവ് മൂനിസ് ഇലാഹിയും ഈ സംഭവത്തെ കടുത്ത ഭാഷയിൽ വിമർശിച്ചു. നിരപരാധികളെയും കുറ്റവാളികളെയും വേർതിരിച്ചറിയാൻ പോലും കഴിയാത്ത രീതിയിലാണ് പോലീസ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പോലീസ് നടപടികളും മനുഷ്യാവകാശ വിഷയങ്ങളും വീണ്ടും ചർച്ചയാകുകയാണ്.














































