കൊച്ചി: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗക്കാർക്കും സൗജന്യയാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതിക്കെതിരെ ആദ്യ ദിവസം തന്നെ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. ഈ പദ്ധതി ഏകപക്ഷീയവും വിവേചനപരവുമാണെന്നാണ് ഹർജിക്കാരന്റെ പ്രധാന ആരോപണം. ഇന്നു മുതൽ സംസ്ഥാനത്തെ 3,125 കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ നടപ്പിലാക്കുന്ന പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം തമ്മനം സ്വദേശിയായ മുഹമ്മദ് ഫിർദൗസ് ആണ് കോടതിയെ സമീപിച്ചത്.
യാതൊരുവിധ സാമ്പത്തിക മാനദണ്ഡങ്ങളോ, താമസ യോഗ്യതകളോ ഇല്ലാതെ, കേവലം ലിംഗത്തിന്റെ മാത്രം അടിസ്ഥാനത്തിൽ ആനുകൂല്യം നൽകുന്നത് ഭരണഘടനയുടെ ആർട്ടിക്കിൾ 14, 15(1) എന്നിവ ഉറപ്പുനൽകുന്ന സമത്വത്തിന്റേയും വിവേചനമില്ലായ്മയുടേയും ലംഘനമാണ്. ഈ പദ്ധതിയിലൂടെ പുരുഷന്മാരെയും സ്ത്രീകളെയും കേവലം ലിംഗത്തിന്റെ അടിസ്ഥാനത്തിൽ മാത്രം വേർതിരിക്കുന്നത് വിവേചനപരമാണ്. സ്ത്രീകൾക്കായി പ്രത്യേക വ്യവസ്ഥകൾ കൊണ്ടുവരാൻ ഭരണഘടനയുടെ ആർട്ടിക്കിൾ 15 (3) സർക്കാരിന് അധികാരം നൽകുന്നുണ്ടെങ്കിലും അത് കൃത്യമായ ലക്ഷ്യത്തോടും പ്രത്യേക പിന്നാക്കാവസ്ഥ പരിഹരിക്കാനും മാത്രമായിരിക്കണം. സാർവത്രികമായ ഇത്തരം സബ്‌സിഡികൾ ഈ വകുപ്പിന്റെ പരിധിയിൽ വരില്ലെന്നും ഹർജിയിൽ പറയുന്നു.
അതുപോലെ പദ്ധതി വഴി പ്രതിദിനം ഏകദേശം 2 കോടി രൂപയും വർഷം 800 കോടി രൂപയുമാണ് സംസ്ഥാന ഖജനാവിന് വരുന്ന ചെലവ്. നിലവിൽ പ്രതിവർഷം 1,500 കോടി രൂപ സർക്കാർ സഹായം കൈപ്പറ്റുന്ന കെഎസ്ആർടിസിക്ക് മേൽ ഈ പദ്ധതി വലിയൊരു അധിക സാമ്പത്തിക ബാധ്യതയാണ് അടിച്ചേൽപ്പിക്കുന്നത്. പുതിയ സർക്കാർ അധികാരമേറ്റപ്പോൾ തന്നെ പദ്ധതിക്ക് തത്വത്തിൽ അംഗീകാരം നൽകിയിരുന്നു. മാത്രമല്ല യാതൊരുവിധ നയരൂപീകരണ പഠനങ്ങളോ, ആവശ്യമായ വിലയിരുത്തലുകളോ സാമ്പത്തിക പ്രത്യാഘാത പഠനങ്ങളോ, നടത്താതെ തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കുക മാത്രമാണ് സർക്കാർ ചെയ്തതെന്നും ഹർജിയിൽ ആരോപിക്കുന്നു. പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ഭരണഘടനാ വിരുദ്ധമായി നടപ്പിലാക്കുന്ന പദ്ധതി റദ്ദാക്കണമെന്നും കേസ് തീർപ്പാകുന്നത് വരെ പദ്ധതിയുടെ തുടനടപടികൾ സ്റ്റേ ചെയ്യണമെന്നുമാണ് ഹർജിയിലെ ആവശ്യം.
















































