പത്തനംതിട്ട: സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം എ. പദ്മകുമാറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. തെരഞ്ഞടുപ്പ് ഗോദയിൽ ശബരിമല വിഷയം പാര്‍ട്ടിയെ കടുത്ത സമ്മര്‍ദത്തിലാഴ്ത്തിയിരുന്നെങ്കിലും പത്മകുമാറിനെ സംരക്ഷിക്കുന്ന നിലപാടായിരുന്നു പാര്‍ട്ടി നേതൃത്വം സ്വീകരിച്ചിരുന്നത്.
ഔദ്യോഗിക നേതൃത്വത്തിൻറെ ശക്തമായ പിന്തുണയാണ് ഈ സംരക്ഷ വലയം ഒരുക്കുന്നതിൽ നിര്‍ണായകമായിരുന്നത്. ശബരിമല സ്വര്‍ണക്കൊള്ളക്കേസ് നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ തോല്‍വിക്ക് കാരണമായെന്ന് സംസ്ഥാന നേതൃത്വം വിലയിരുത്തിയിരുന്നു. അത് കണക്കിലെടുത്ത് ജില്ലാ കമ്മിറ്റിയോട് നടപടിയെടുക്കാന്‍ നിര്‍ദേശിച്ചതനുസരിച്ചാണ് നടപടി. എത്രകാലത്തേക്കാണ് നടപടി എന്ന് വ്യക്തമല്ല.
മുതിര്‍ന്ന നേതാവ് തോമസ് ഐസക് പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗമാണ് നടപടിയെടുത്തത്. ജില്ലാ കമ്മിറ്റിക്ക് ശേഷം ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്നു. പുറത്താക്കല്‍ പോലെ കടുത്ത നടപടി ആലോചിച്ചിരുന്നെങ്കിലും സസ്‌പെന്‍ഷനില്‍ ഒതുക്കുകയായിരുന്നു. പത്മകുമാറിൻറെ സമ്മര്‍ദത്തിനു വഴങ്ങിയാണ് കടുത്ത നടപടികളിൽ നിന്നും പിൻമാറിയതെന്ന സൂചനയുണ്ട്.
















































