ന്യൂഡൽഹി: തലസ്ഥാനമായ ന്യൂഡൽഹിയിലെ പാശ്ചിം വിഹാർ പ്രദേശത്ത് പ്രശസ്ത ഗായകൻ ഗുരു രന്ധാവയുടെ ഉടമസ്ഥതയിലുള്ള 24 HS ഫിറ്റ്‌നസ് ജിമ്മിന് നേരെ വ്യാഴാഴ്ച പുലർച്ചെ അജ്ഞാതർ വെടിവെപ്പ് നടത്തിയതായി റിപ്പോർട്ട്. സംഭവം പ്രദേശത്ത് വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ജിമ്മിന്റെ ഗ്ലാസ് ഭാഗത്തേക്ക് നിരവധി വെടിയുതിർന്നെങ്കിലും ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
ആദ്യഘട്ടത്തിൽ പുറത്തുവന്ന വിവരങ്ങൾ പ്രകാരം, മുഖം തുണികൊണ്ട് മൂടിയ രണ്ട് പേർ ബൈക്കിൽ എത്തിയാണ് ആക്രമണം നടത്തിയത്. വെടിവെപ്പ് നടത്തിയ ശേഷം അവർ ഉടൻ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. സംഭവത്തെ തുടർന്ന് പോലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സംഭവത്തിന് പിന്നാലെ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ച ഒരു പോസ്റ്റും ഓഡിയോ ക്ലിപ്പും കൂടുതൽ വിവാദങ്ങൾക്ക് വഴിവച്ചിട്ടുണ്ട്. കുപ്രസിദ്ധ ഗുണ്ടാസംഘമായ ലോറൻസ് ബിഷ്ണോയി ഗ്യാങുമായി ബന്ധമുള്ളവരെന്ന് അവകാശപ്പെടുന്ന ചിലരുടെ പേരിലാണ് ഈ പോസ്റ്റ് പുറത്തുവന്നത്. ബോളിവുഡ് താരം സൽമാൻ ഖാനുമായി ഗുരു റന്ധാവയ്ക്കുള്ള അടുത്ത ബന്ധമാണ് ആക്രമണത്തിന് കാരണമെന്നാണ് അവകാശവാദം. “ഇത് ഒരു ട്രെയിലർ മാത്രമാണ്” എന്ന ഭീഷണിയും ഓഡിയോയിൽ ഉണ്ടെന്നതാണ് റിപ്പോർട്ടുകൾ പറയുന്നത്.
എന്നാൽ, ഈ സോഷ്യൽ മീഡിയ പോസ്റ്റിന്റെയും ഓഡിയോ ക്ലിപ്പിന്റെയും യാഥാർത്ഥ്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. സൈബർ ക്രൈം വിഭാഗം ഉൾപ്പെടെയുള്ള പ്രത്യേക സംഘങ്ങൾ ഡിജിറ്റൽ തെളിവുകൾ പരിശോധിച്ച് ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ്.
പ്രതികളെ തിരിച്ചറിയാനും പിടികൂടാനും പോലീസ് വിവിധ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിക്കുകയും, സംഭവസ്ഥലത്ത് നിന്ന് ഫോറൻസിക് തെളിവുകൾ ശേഖരിക്കാനുമുള്ള ശ്രമത്തിലാണ് പോലീസ്.
അതേസമയം സംഭവത്തെക്കുറിച്ച് ഗുരു റന്ധാവ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഏകദേശം ഒരു മാസം മുമ്പ്, ഹരിയാനയിലെ കർണാലിൽ ഗായകനും നടനുമായ ദിൽജിത് ദോസഞ്ജ്യുടെ മാനേജർ ഗുര്പർതാപ് സിംഗ് കാങിന്റെ വസതിക്ക് പുറത്തും സമാനമായ വെടിവെപ്പ് നടന്നിരുന്നു. ആ സംഭവത്തിനും ബിഷ്ണോയ് ഗ്യാങ് ഉത്തരവാദിത്തം ഏറ്റെടുത്തതായി അവകാശപ്പെട്ടിരുന്നു. തുടർച്ചയായ ഇത്തരം ഭീഷണികളും ആക്രമണങ്ങളും പശ്ചാത്തലത്തിൽ ദേശീയ തലത്തിൽ സുരക്ഷാ ഏജൻസികൾ ജാഗ്രത ശക്തമാക്കിയിരിക്കുകയാണ്.

















































