ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിലെ നാണംകെട്ട പരാജയം മറച്ചുവെക്കാനാണ് എം.വി ഗോവിന്ദന്‍ ബി.ജെ.പി – യു.ഡി.എഫ് സഖ്യമാരോപിക്കുന്നതെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്.
ഗോവിന്ദന്റെ പരാമര്‍ശം തികഞ്ഞ വങ്കത്തരമാണെന്നും പാര്‍ട്ടിയുടെ ദയനീയ തകര്‍ച്ചയുടെ ആഘാതത്തില്‍ നിന്നാണ് ഇത്തരം മണ്ടത്തരങ്ങള്‍ പറയുന്നതെന്നും അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. തെരഞ്ഞെടുപ്പ് കണക്കുകള്‍ പരിശോധിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്ന് കൃഷ്ണദാസ് ചൂണ്ടിക്കാട്ടി.
എല്‍.ഡി.എഫിന്റെ പരമ്പരാഗത വോട്ടുകളാണ് ഇത്തവണ വലിയ തോതില്‍ ചോര്‍ന്നത്. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇടത് വോട്ടുകള്‍ കൂട്ടത്തോടെ യു.ഡി.എഫിലേക്ക് പോയ സാഹചര്യത്തില്‍, യഥാര്‍ത്ഥത്തില്‍ ഡീല്‍ ഉറപ്പിച്ചത് കോണ്‍ഗ്രസും സി.പി.എമ്മും തമ്മിലാണെന്ന് വേണം കരുതാന്‍. കെ. സുരേന്ദ്രന്‍ മത്സരിച്ച മഞ്ചേശ്വരത്ത് എല്‍.ഡി.എഫിന് ഇരുപതിനായിരത്തോളം വോട്ടുകളുടെ കുറവാണുണ്ടായത്. ഈ വോട്ടുകള്‍ മുസ്ലിം ലീഗിനാണ് ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.


















































