ഹൈദരാബാദ്: റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ രണ്ടാംഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തി. ഹൈദരാബാദിലെ മാരുതിനഗർ സ്വദേശിയായ ഡി. അരുൺ കുമാർ(48) ആണ് രണ്ടാംഭാര്യയായ നിഷ റാണിയെ വെടിവെച്ച് കൊലപ്പെടുത്തിയത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.ബുധനാഴ്ച പുലർച്ചെ മാരുതിനഗറിലെ അരുൺകുമാറിന്റെ വീട്ടിൽവെച്ചായിരുന്നു സംഭവം. ദാമ്പത്യപ്രശ്‌നങ്ങളെത്തുടർന്ന് അരുൺകുമാറും രണ്ടാംഭാര്യയായ നിഷ റാണിയും ഏറെനാളായി രണ്ടിടത്തായിരുന്നു താമസം.
പ്രശ്‌നങ്ങൾ ചർച്ചചെയ്ത് പരിഹരിക്കാമെന്ന് പറഞ്ഞ് ചൊവ്വാഴ്ച രാത്രി വൈകി അരുൺകുമാർ നിഷ റാണിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി. തുടർന്ന് കാര്യങ്ങൾ സംസാരിക്കുന്നതിനിടെ അരുൺകുമാർ ഭാര്യയ്ക്ക് നേരേ നിറയൊഴിക്കുകയായിരുന്നു.സംഭവസമയത്ത് അരുൺകുമാറിനൊപ്പം മറ്റൊരാൾകൂടി വീട്ടിലുണ്ടായിരുന്നതായാണ് പോലീസ് പറയുന്നത്. നിഷ റാണിയെ കൊലപ്പെടുത്തിയശേഷം ഇരുവരും വീട്ടിൽനിന്ന് രക്ഷപ്പെട്ടെങ്കിലും അരുൺകുമാറിനെ പോലീസ് പിടികൂടുകയായിരുന്നു. ഇയാൾക്കൊപ്പമുണ്ടായിരുന്ന പ്രതിക്കായി തിരച്ചിൽ തുടരുകയാണെന്നും പോലീസ് പറഞ്ഞു.
അരുൺ കുമാറിന്റെ ആദ്യഭാര്യയുടെ സഹോദരിയാണ് രണ്ടാംഭാര്യയായ നിഷ റാണി. ആദ്യഭാര്യയിൽ അരുൺകുമാറിന് രണ്ടുകുട്ടികളുണ്ട്. ആദ്യഭാര്യയുടെ ആരോഗ്യപ്രശ്‌നങ്ങൾ കാരണമാണ് അരുൺകുമാർ ഇവരുമായി പിരിഞ്ഞത്. തുടർന്ന് ആദ്യഭാര്യയുടെ സഹോദരിയായ നിഷ റാണിയെ വിവാഹം കഴിക്കുകയായിരുന്നു. അഞ്ചുവർഷം മുൻപായിരുന്നു വിവാഹം. വിവാഹത്തിന് പിന്നാലെ അരുൺകുമാറും നിഷയും തമ്മിൽ പ്രശ്‌നങ്ങളുണ്ടായിരുന്നതായാണ് പോലീസ് പറയുന്നത്.
നിഷയ്ക്ക് മറ്റൊരുബന്ധമുണ്ടെന്നായിരുന്നു അരുൺകുമാറിന്റെ സംശയം. ഇതേച്ചൊല്ലി വഴക്കും പതിവായിരുന്നു. ഇതോടെ ഇരുവരും രണ്ടിടത്തായിരുന്നു താമസമെന്നും പോലീസ് പറഞ്ഞു. ബിഹാറിലെ മുംഗേറിൽനിന്ന് സംഘടിപ്പിച്ച പിസ്റ്റൾ ഉപയോഗിച്ചാണ് പ്രതി കൃത്യം നടത്തിയതെന്നാണ് പോലീസ് കണ്ടെത്തൽ. ഈ തോക്കുമായി മാർച്ചിൽ അരുൺകുമാറും രണ്ട് കൂട്ടാളികളും ഹൈദരാബാദിലെ ആംബേർപേട്ട് പോലീസിന്റെ പിടിയിലായിരുന്നു. ഭാര്യയെ കൊല്ലാൻ ലക്ഷ്യമിട്ടാണ് അരുൺകുമാർ ബിഹാറിൽനിന്ന് ഈ തോക്ക് സംഘടിപ്പിച്ചത്. എന്നാൽ, ആയുധനിയമപ്രകാരമാണ് ഇവർക്കെതിരേ അന്ന് കേസെടുത്തത്. തുടർന്ന് 40 ദിവസത്തോളം ജയിലിൽ കിടന്ന പ്രതി പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങുകയായിരുന്നു.














































