തിരുവനന്തപുരം: നടനും മുൻ എംപിയുമായ ഇന്നസെന്റിന്റെ അന്തിമോപചാര ചടങ്ങില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ അന്ത്യമോപചാരം അർപ്പിക്കാൻ എത്തിയത് വൻ പൊലീസ് അകമ്പടിയോടെയെന്ന മേജർ രവിയുടെ പ്രതികരണം തള്ളി പ്രതിപക്ഷ നേതാവിന്റെ ഓഫിസിൽ നിന്നുള്ള പത്രക്കുറിപ്പ്.
56 വാഹനങ്ങളുടെയും 560 പൊലീസിന്റേയും അകമ്പടിയോടെ ആയിരുന്നു പിണറായി വിജയൻ ഇന്നസെന്റിന്റെ മൃതദേഹം കാണാൻ എത്തിയതെന്ന ബിജെപി നേതാവ് മേജർ രവിയുടെ പ്രസ്താവന വസ്തുതാ വിരുദ്ധമാണ്. ഇതു പോലെ ചില പ്രൊഫൈലുകളിൽ വ്യാജ വിഡിയോ നിർമിച്ച് ഷെയർ ചെയ്തതായും ശ്രദ്ധയിൽ വന്നിട്ടുണ്ട്. ഇന്നസെന്റിന് അന്ത്യോമപചാരം അർപ്പിക്കുന്ന യഥാർത്ഥ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ വന്നിട്ടുള്ളതാണ്.
അത് പരിശോധിച്ചാൽ അടിസ്ഥാന രഹിതമായ വ്യാജ നിർമിതി ആർക്കും മനസ്സിലാവുന്നതേ ഉള്ളൂ. പക്ഷെ മേജർ രവിയെ പോലെ ഒരാൾ ഇത്തരം വില കുറഞ്ഞ പ്രചാരണം നടത്തുന്നത് അപലപനീയമാണ്. വസ്തുതാ വിരുദ്ധമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവിന്റെ ഓഫിസ് അറിയിച്ചു.
















































