കണ്ണൂർ: വെള്ളാപ്പള്ളി നടേശനെതിരേ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് പി. ജയരാജൻ. വെള്ളാപ്പള്ളി രണ്ട് തോണിയിൽ കാല് വെച്ചുകൊണ്ടുള്ള നിലപാടാണ് സ്വീകരിക്കുന്നത്. അദ്ദേഹം നവോത്ഥാന സമിതി അധ്യക്ഷനായിരിക്കുമ്പോൾ മകൻ സംഘപരിവാറിനൊപ്പമാണ്.
ശ്രീനാരായണ ദർശനത്തിന് എതിരായ നിലപാടാണ് എസ്എൻഡിപിയുടെ തലപ്പത്തുള്ളവർ സ്വീകരിക്കുന്നതെന്നും ജയരാജൻ വിമർശിച്ചു. ‘എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയായ വെള്ളാപ്പള്ളി നടേശൻ ചെയ്യുന്ന കൃത്യം നമ്മൾ ചരിത്രത്തിലൂടെ നോക്കുന്ന അവസരത്തിൽ, രണ്ട് തോണിയിൽ കാലുവെച്ചുകൊണ്ടുള്ള നിലപാടാണ് സ്വീകരിക്കുന്നതെന്ന് കാണാൻ കഴിയും. അദ്ദേഹം എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയാണ്.
കേരളത്തിലെ അന്നത്തെ സർക്കാർ രൂപവത്കരിച്ച നവോത്ഥാന സമിതിയുടെ നായകസ്ഥാനത്തുവരിക. എന്നാൽ, മകനെ ബിഡിജെഎസ്സിന്റെ ജനറൽ സെക്രട്ടറിയാക്കുക. ബിഡിജെഎസ് സംഘപരിവാർ ശക്തികളുടെ കൂടെയാണ്. അദ്ദേഹത്തിന്റെ ഭാര്യ പ്രീതി നടേശൻ ബിജെപി സ്ഥാനാർഥികളെ വെള്ളപൂശാൻ നടക്കുന്നു. ഈ ബഹുമുഖ വേഷം കേരളീയ സമൂഹം തിരിച്ചറിയണം എന്നാണ് പറയാനുള്ളത്’, ജയരാജൻ പറഞ്ഞു.
















































