വാഷിംഗ്ടൺ: ഉയർന്ന കഴിവുള്ള വിദേശ തൊഴിലാളികൾക്കുള്ള എച്ച്-1ബി വിസയ്ക്ക് 1 ലക്ഷം ഡോളർ ഫീസ് ഏർപ്പെടുത്താനുള്ള ഡൊണാൾഡ് ഭരണകൂടത്തിന്റെ തീരുമാനം അമേരിക്കൻ ഫെഡറൽ കോടതി റദ്ദാക്കി. ബോസ്റ്റണിലെ യുഎസ് ജില്ലാ ജഡ്ജിയായ ലിയോ സോറോകിൻ, കോൺഗ്രസിന്റെ അനുമതിയില്ലാതെ ഈ ഫീസ് ഏർപ്പെടുത്തിയതിനാൽ അത് നിയമവിരുദ്ധ നികുതിയാണെന്ന് വിധിക്കുകയായിരുന്നു.
ഡെമോക്രാറ്റിക് പാർട്ടിയുമായി ബന്ധപ്പെട്ട 20 സംസ്ഥാനങ്ങളിലെ അറ്റോർണി ജനറലുകൾ നൽകിയ ഹർജിയിലാണ് കോടതി നിർണായകമായ ഉത്തരവ് പുറപ്പെടുവിച്ചത്. കഴിഞ്ഞ സെപ്റ്റംബറിൽ പ്രഖ്യാപിച്ച ഈ ഫീസ് വർധനവ് വ്യാപകമായ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. എച്ച്-1ബി വിസ പദ്ധതി പ്രകാരം പ്രതിവർഷം 65,000 വിസകളും, ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കായി 20,000 അധിക വിസകളും അനുവദിക്കുന്നതാണ്. സാധാരണയായി 2,000 മുതൽ 5,000 ഡോളർ വരെയാണ് തൊഴിലുടമകൾ ഫീസായി നൽകേണ്ടത്. എന്നാൽ ഈ തുക ഒരു ലക്ഷം ഡോളറായി ഉയർത്തിയതോടെ അപേക്ഷകളിൽ വലിയ ഇടിവ് രേഖപ്പെടുത്തി.
അമേരിക്കൻ കുടിയേറ്റ ഏജൻസിയായ യുഎസ് സിറ്റിസൺഷിപ്പ് അൻഡ് ഇമിഗ്രേഷൻ സർവീസസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഫെബ്രുവരി 15 വരെ വെറും 85 അപേക്ഷകൾ മാത്രമാണ് ഈ ഉയർന്ന ഫീസോടെ സമർപ്പിക്കപ്പെട്ടത്. പിന്നാലെ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, എച്ച്-1ബി രജിസ്ട്രേഷനുകൾ മുൻവർഷത്തേക്കാൾ 38.5 ശതമാനം കുറഞ്ഞു. 2026 സാമ്പത്തിക വർഷത്തിലെ 3,43,981ൽ നിന്ന് 2027ൽ 2,11,600 ആയി കുറഞ്ഞു.
അതേസമയം ഭരണകൂടം ഈ ഫീസ് ഒരു സാമ്പത്തിക ശിക്ഷയായാണ് അവതരിപ്പിച്ചത്. വിദേശ തൊഴിലാളികളുടെ പ്രവേശനം നിയന്ത്രിക്കാൻ പ്രസിഡന്റിന് നിയമപരമായ അധികാരം ഉണ്ടെന്നായിരുന്നു അവരുടെ വാദം. എച്ച്-1ബി പദ്ധതി അമേരിക്കൻ തൊഴിലാളികളെ പകരം കുറഞ്ഞ വേതനത്തിൽ വിദേശികളെ നിയമിക്കാൻ ഉപയോഗിക്കപ്പെടുന്നു എന്ന ആരോപണവും ഉയർത്തിയിരുന്നു. ഇതുവഴി അമേരിക്കൻ തൊഴിൽ വിപണിയിലും ദേശീയ സുരക്ഷയിലും പ്രതികൂലമായ സ്വാധീനം ഉണ്ടാകുന്നുവെന്നായിരുന്നു ഭരണകൂടത്തിന്റെ നിലപാട്.
ഈ നീക്കം ഇന്ത്യയിൽ വലിയ ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. കാരണം എച്ച്-1ബി വിസയിലൂടെ അമേരിക്കയിൽ ജോലി ചെയ്യുന്നവരിൽ വലിയൊരു വിഹിതം ഇന്ത്യക്കാരാണ്. വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഈ വിഷയം യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോയുമായി ചർച്ച ചെയ്യുകയും ചെയ്തിരുന്നു.
എന്നാൽ ഇത് ഇന്ത്യയെ ലക്ഷ്യമിട്ടുള്ള നടപടിയല്ലെന്നും, അമേരിക്ക നേരിടുന്ന കുടിയേറ്റ പ്രതിസന്ധിയുടെ ഭാഗമായാണ് പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതെന്നും റൂബിയോ വ്യക്തമാക്കി. കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ 20 മില്യൺത്തിലധികം ആളുകൾ അനധികൃതമായി അമേരിക്കയിൽ പ്രവേശിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ വിധിയോടെ ഇതിനെ മറികടക്കാൻ ട്രംപ് എന്ത് പദ്ധതികൾ ആസൂത്രണം ചെയ്യുമെന്ന ആകാംഷയിലാണ് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ.















































