കൊച്ചി: സമൂഹമാധ്യമങ്ങളിൽ ലൈക്കുകളും കമെന്റുകളും നിറയ്ക്കാനും കാഴ്ചക്കാരെയും കൂട്ടുന്നതിനായി മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറി ദൃശ്യങ്ങൾ പകർത്തുന്നവർക്കെതിരെ കർശന നടപടിയുമായി കേരള പോലീസ്. അപകടങ്ങൾ, മരണാനന്തര ചടങ്ങുകൾ, വ്യക്തിപരമായ ദുഃഖങ്ങൾ എന്നിവയെപ്പോലും വിനോദത്തിനായോ, പ്രശസ്തിക്കായോ ഉപയോഗിക്കുന്ന പ്രവണത വർധിക്കുന്ന സാഹചര്യത്തിലാണ് പോലീസിന്റെ കർശന മുന്നറിയിപ്പെത്തിയത്.
അന്തരിച്ച നടൻ സലിംകുമാറിന്റെ സംസ്‌കാര ചടങ്ങുകളുടെ ദൃശ്യം പകർത്താൻ ശ്രമിച്ച ഓൺലൈൻ മാധ്യമങ്ങളുടെ സമീപനം വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. ഓൺലൈൻ മീഡിയകളുടെ തള്ളിക്കയറ്റം കാരണം ചടങ്ങുകൾ നടത്താനാകാതെ വന്നതോടെ സലിം കുമാറിന്റെ മകൻ പൊട്ടിത്തെറിക്കുന്ന അവസ്ഥവരെയുണ്ടായി. ഇതോടെ ഇക്കൂട്ടർക്ക് മൂക്കുകയറിടാൻ പോലീസ് തീരുമാനമെടുക്കുകയായിരുന്നു.
ഒരാളുടെ അനുമതിയില്ലാതെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുന്നതും പ്രചരിപ്പിക്കുന്നതും ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന ‘സ്വകാര്യതയ്ക്കുള്ള അവകാശത്തിന്’ എതിരാണെന്ന് പോലീസ് ഓർമ്മിപ്പിച്ചു. ഐടി നിയമം സെക്ഷൻ 66E പ്രകാരം, ഒരാളുടെ സ്വകാര്യത ലംഘിച്ച് ചിത്രങ്ങളോ വീഡിയോകളോ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് മൂന്ന് വർഷം വരെ തടവും രണ്ട് ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
ഏതുസംഭവമായാലും അതുമായി വ്യക്തികളുടെ അനുമതിയില്ലാതെ അവരുടെ ദൃശ്യങ്ങൾ പകർത്തുന്നത് നിയമവിരുദ്ധമാണ്. അപകടസ്ഥലങ്ങളിലും ദുരന്തമുഖങ്ങളിലും ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത് കുറ്റകരമാണ്. ഇത്തരം പ്രവൃത്തികൾ കാണുന്നവർ അതാത് പ്രദേശത്തെ പോലീസിനെയോ സൈബർ സെല്ലിനെയോ വിവരം അറിയിക്കുക. സോഷ്യൽ മീഡിയ ഉപയോഗത്തിൽ മാന്യതയും ഉത്തരവാദിത്തവും പുലർത്തണമെന്നും പോലീസ് അധികൃതർ വ്യക്തമാക്കി.



















































