കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറ്റപ്പെട്ടതുമായി ബന്ധപ്പെട്ട അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ഹൈക്കോടതി ജഡ്ജി പിന്മാറി. ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യനാണ് കേസിൽ നിന്ന് പിന്മാറിയത്. ഹർജി ഇനി മറ്റൊരു ബെഞ്ച് പരിഗണിക്കും.
മെമ്മറി കാർഡ് നിയമവിരുദ്ധമായി ചിലർ പരിശോധിച്ചിട്ടുണ്ടെന്ന് നേരത്തേ സിംഗിൾ ബെഞ്ച് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഒരു അന്വേഷണത്തിന് നിർദേശംനൽകുകയും ചെയ്തിരുന്നു. ഈ അന്വേഷണത്തിനുപിന്നാലെ എന്ത് നടപടിയെടുത്തുവെന്ന് കോടതി ചോദിച്ചു. വകുപ്പുതലത്തിലുള്ളതും ക്രിമിനൽ തലത്തിലുമുള്ള നടപടികൾ ആരംഭിച്ചോയെന്നും കോടതി ചോദിച്ചു. ഈ വിഷയത്തിൽ സർക്കാർ അഭിഭാഷകനോട് ഉച്ചയ്ക്ക് മുൻപ് വിശദീകരണം അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. അതിനിടയിൽ വീണ്ടും ഈ കേസെടുക്കുകയും, പരിശോധിച്ചശേഷം ജഡ്ജി പിന്മാറുകയും ചെയ്യുകയായിരുന്നു.
ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ നേരത്തേ ഹൈക്കോടതി രജിസ്റ്ററിയുടെ ഭാഗമായി പ്രവർത്തിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് പല കത്തിടപാടുകളും മറ്റും നടന്നിട്ടുണ്ട്. ആ പശ്ചാത്തലത്തിലാണ് ജഡ്ജിയുടെ പിന്മാറ്റമെന്നാണ് വിവരം. എന്നാൽ പരിഗണിച്ച കേസിൽനിന്ന് ജഡ്ജിമാർ പിന്മാറുന്നത് ഇത് ആദ്യമായല്ലാത്തതിനാൽ ഇതൊരു സാധാരണ നടപടിയാണെന്നാണ് വിവരം. സംഭവത്തിൽ കൃത്യമായ അന്വേഷണം വേണമെന്നാണ് അതിജീവിത ആവശ്യപ്പെട്ടിരിക്കുന്നത്.

















































