കൊച്ചി: വന്യജീവി ആക്രമണത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമർശനത്തിൽ മറുപടിയുമായി വനംമന്ത്രി ഷിബു ബേബി ജോൺ. മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രമേ മാറിയിട്ടുള്ളൂവെന്നും ഉദ്യോഗസ്ഥരും ആനയും മാറിയിട്ടില്ലെന്നും ഷിബു ബേബി ജോൺ പറഞ്ഞു. മന്ത്രിസഭ മാറുന്നതറിഞ്ഞിട്ടാവില്ല ആന ഇറങ്ങുന്നത്. ഇനി മന്ത്രിസഭ മാറിയത് അറിഞ്ഞിട്ടാണോ ആന ഇറങ്ങിയത് എന്നറിയില്ലെന്നും മന്ത്രി പരിഹസിച്ചു.
അതുപോലെ നിരുത്തരവാദപരമായ പ്രസ്താവനയെന്ന പിണറായി വിജയന്റെ വിമർശനത്തിന് തത്കാലം മറുപടിയില്ലെന്നും ഷിബു ബേബി ജോൺ പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു ഷിബു ബേബി ജോണിന്റെ പരാമർശം. അതേസമയം വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണാൻ രണ്ട് വർഷമെടുക്കുമെന്ന മന്ത്രി ഷിബു ബേബി ജോണിന്റെ നിലപാട് നിരുത്തരവാദപരമാണെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ വിമർശനം. ജനങ്ങളുടെ ജീവനും സുരക്ഷയും ഉറപ്പാക്കാൻ ഇച്ഛാശക്തി കാണിക്കേണ്ട സർക്കാർ കൈമലത്തുന്നത് ജനങ്ങളിൽ ആശങ്കയുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇതിനിടെ ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മാരിയുടെ പതിനൊന്ന് വയസുകാരൻ മകനെ സർക്കാർ സംരക്ഷിക്കുമെന്ന് മന്ത്രി പറഞ്ഞു. സഹായ പദ്ധതി തയ്യാറാക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വനം വകുപ്പിന്റെ മാതൃകാ പദ്ധതിയായി നടപ്പിലാക്കും. വന്യജീവി ആക്രമണങ്ങളിൽ നഷ്ടപരിഹാര തുക കൂട്ടും. പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഫണ്ടിന്റെ അപര്യാപ്തതയുണ്ടെന്നും മന്ത്രി പറഞ്ഞു. സംയോജിത പ്രതിരോധ സംവിധാനത്തിനായി നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. അപകട ഇൻഷുറൻസ് ട്രിബ്യൂണൽ മാതൃകയിൽ നഷ്ടപരിഹാര പദ്ധതിക്ക് ആലോചനയുണ്ട്. മുൻകാലങ്ങളിൽ മതിയായ തുക വനംവകുപ്പിന് കിട്ടിയിട്ടില്ല. വകയിരുത്തിയ തുകയും പകുതിപോലും കിട്ടിയിട്ടില്ല. ഇന്ന് വൈകിട്ട് എട്ടുമണിക്ക് മുഖ്യമന്ത്രിയുമായി അടിയന്തര ചർച്ചയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.


















































