തിരുവനന്തപുരം: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണൽ സ്റ്റാഫിൽ നിയമിതനായിരുന്ന സഹോദരീഭർത്താവ് രാജിവെച്ചു. ബന്ധു വിവാദത്തിൽപ്പെട്ട മന്ത്രിയുടെ സഹോദരീഭർത്താവും കണ്ണൂർ ഡിസ.സി ജനറൽ സെക്രട്ടറിയുമായ ബെന്നി തോമസാണ് രാജിവെച്ചത്. രാജിക്കത്ത് മുഖ്യമന്ത്രി വി.ഡി. സതീശന് കൈമാറി. ബന്ധുവിനെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത് പാർട്ടിക്കകത്തും പുറത്തും വിവാദമായതോടെയാണ് രാജി.
സംഭവം വിവാദമായതിനു പിന്നാലെ ബെന്നിയെ പേഴ്‌സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തിയത് സഹോദരിയുടെ ഭർത്താവ് എന്ന മാനദണ്ഡത്തിലല്ലെന്നും അദ്ദേഹം നല്ലൊരു പൊതുപ്രവർത്തകനാണെന്നും സണ്ണി ജോസഫ് പ്രതികരിച്ചിരുന്നു. എന്നാൽ, ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പരിശോധിച്ചശേഷം പറയാമെന്നുമായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ വിഷയത്തിൽ പ്രതികരിച്ചത്.
കണ്ണൂർ ഉളിക്കൽ സ്വദേശിയും ഡിസിസി ജനറൽ സെക്രട്ടറിയുമാണ് ബെന്നി തോമസ്. ബന്ധുനിയമനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ എൽഡിഎഫ് സർക്കാരിനെതിരേ യുഡിഎഫ് രൂക്ഷ വിമർശനമുയർത്തിയിരുന്നു. അതേ മുന്നണിയിൽനിന്നുതന്നെ ഈ രീതിയിലുള്ള നിയമനം വന്നതാണ് വലിയ വിമർശനങ്ങൾക്കിടയാക്കിയത്. ഇതോടെ അത്തരമൊരു കാര്യം ചെയ്യാണ്ടായിരുന്നുവെന്ന് പാർട്ടിക്കകത്തുനിന്നുതന്നെ വിമർശനം ഉയർന്നിരുന്നു.

















































