ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്ദിറിൽ വൻ പ്രതിഷേധം സംഘടിപ്പിച്ച കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി), കേന്ദ്ര സർക്കാരിന് ഒരാഴ്ചത്തെ അന്ത്യശാസനം നൽകി. ഏഴ് ദിവസത്തിനകം ധർമേന്ദ്ര പ്രധാൻ രാജിവെക്കുകയോ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കുകയോ ചെയ്തില്ലെങ്കിൽ പ്രക്ഷോഭം രാജ്യവ്യാപകമാക്കുമെന്ന് സംഘടന വ്യക്തമാക്കി.
ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെയും യുവാക്കളുടെയും പിന്തുണയോടെ നടത്തിയ പ്രതിഷേധത്തിന് ശേഷം പുറത്തിറക്കിയ പ്രസ്താവനയിലാണ് സി.ജെ.പി ഇക്കാര്യം അറിയിച്ചത്. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ ഉന്നയിച്ച് എട്ടുലക്ഷത്തിലധികം പേരുടെ ഒപ്പുകളുള്ള നിവേദനം കേന്ദ്ര സർക്കാരിന് സമർപ്പിച്ചിട്ടും പ്രതികരണമൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് സമരം ശക്തമാക്കാൻ തീരുമാനിച്ചതെന്ന് നേതൃത്വം അറിയിച്ചു.
അതേസമയം, ജന്തർ മന്ദിറിൽ നടന്ന പ്രതിഷേധത്തിൽ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ആയിരക്കണക്കിന് യുവാക്കളും വിദ്യാർത്ഥികളും പങ്കെടുത്തു. കേരളം, തമിഴ്നാട്, മഹാരാഷ്ട്ര, ബിഹാർ, ഛത്തീസ്ഗഢ്, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിഷേധക്കാർ പരിപാടിയിൽ അണിനിരന്നു. വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കേന്ദ്ര സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും വിദ്യാഭ്യാസ മന്ത്രിയുടെ രാജിയാണ് അതിലേക്കുള്ള ആദ്യപടിയെന്നും സി.ജെ.പി ആവശ്യപ്പെട്ടു.
പ്രതീക്ഷിച്ചതിലും വലിയ ജനപങ്കാളിത്തമാണ് പ്രതിഷേധത്തിൽ ഉണ്ടായതെന്ന് സംഘാടകർ അവകാശപ്പെട്ടു. സമാധാനപരമായി പ്രതിഷേധം നടത്താൻ സഹകരിച്ച ഡൽഹി പൊലീസിനും വിവിധ സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ യുവാക്കൾക്കും നേതൃത്വം നന്ദി അറിയിച്ചു. വരും ദിവസങ്ങളിലെ സമരപരിപാടികൾ സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കുമെന്നും ജനാധിപത്യപരവും സമാധാനപരവുമായ മാർഗങ്ങളിലൂടെയായിരിക്കും പ്രക്ഷോഭം മുന്നോട്ടുകൊണ്ടുപോകുകയെന്നും സി.ജെ.പി വ്യക്തമാക്കി.
വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങൾക്കായി രാജ്യത്തെ യുവജനങ്ങൾ ഒന്നിച്ചുയർത്തുന്ന ശബ്ദത്തിന്റെ തുടക്കമാണ് ജന്തർ മന്ദിറിലെ ഈ പ്രതിഷേധമെന്നും സംഘടന നേതൃത്വം കൂട്ടിച്ചേർത്തു.
















































